‘ദേ ടാ..ബി.ബി.സി പുലികള്‍..’

പരിചിതമല്ലാത്ത ചുവട് പാടുപെട്ട് ചവിട്ടി ഫലിപ്പിച്ച രണ്ട് വയറന്‍ പുലികള്‍ അയ്യന്തോള്‍ സംഘത്തിലുണ്ടായിരുന്നു. ചുവടുവെച്ച് ക്ഷീണിച്ച് മുഖം മൂടിയൊന്ന് മാറ്റിയപ്പോഴാണ് പുലി ബി.ബി.സി ചാനലിലെ പുപ്പുലിയാണെന്ന് മനസ്സിലായത്. ബി.ബി.സിയുടെ ‘ഓള്‍ ഓവര്‍ ദി പ്ളേസ്’ എന്ന വിനോദാധിഷ്ഠിത പരിപാടിക്കുവേണ്ടി പുലിക്കളി റിപ്പോര്‍ട്ട് ചെയ്യാനത്തെിയ അവതാരകരായ ഇഡ്, അയണല്‍ എന്നിവരാണ് അയ്യന്തോള്‍ സംഘത്തിനൊപ്പം താളം ചവിട്ടിയത്.

പുലിക്കളിക്ക് പുലികളായി റിപ്പോര്‍ട്ടിങ്ങിനത്തെി പുപ്പുലികളായ ബി.ബി.സി സംഘത്തിന് നിറഞ്ഞ കൈയടിയായിരുന്നു സ്വരാജ് റൗണ്ടില്‍. ഓടിവന്നു ചായം തേച്ച് പുലികളായവരാണ് ഇവരെന്ന് കരുതിയാല്‍ തെറ്റി !. പുലിക്കളിയില്‍ അറുപതാണ്ട് തികച്ച  ആശാന്‍ ചാത്തുണ്ണിക്ക് ദക്ഷിണവെച്ച് നൃത്തച്ചുവടുകള്‍ അഭ്യസിച്ചാണ് ഇവര്‍ സംഘത്തിനൊപ്പം ചേര്‍ന്നത്. ഏഷ്യയുടെ സംസ്കാരം വിളിച്ചോതുന്ന പരിപാടിയിലേക്ക് പുലിക്കളിക്ക് പുറമെ കബഡി, കഥകളി എന്നിവയാണ് കേരളത്തില്‍നിന്ന് ഇവര്‍ തിരഞ്ഞെടുത്തത്.

പുലിവേഷം കെട്ടിയിറങ്ങുന്ന ഇത്ര വിപുലമായ കലയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോഓഡിനേറ്റര്‍ ദല്‍ഹി സ്വദേശിനി നീലിമ ഗോയല്‍ പറഞ്ഞു. കൊച്ചിയില്‍ കഥകളി ചിത്രീകരിച്ച്  ഏഴ് പേരടങ്ങുന്ന സംഘം വൈകാതെ മടങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.