സൗമ്യ വധം: തകിടം മറിഞ്ഞത് ഹൈകോടതി നിരീക്ഷണങ്ങള്‍

കൊച്ചി: എന്ത് ക്രൂരത കാട്ടാനും ധൈര്യമുള്ള കടുത്ത മാനസികാവസ്ഥയുള്ള പ്രതിക്ക് ശിക്ഷയിളവ് നല്‍കുന്നത് നീതിവ്യവസ്ഥക്ക് നേരെയുള്ള പല്ലിളിച്ചു കാട്ടലാണെന്ന ഹൈകോടതിയുടെ വിലയിരുത്തലാണ് വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിയിലൂടെ കാറ്റില്‍ പറന്നത്.
കുറ്റവാളിയുടെ ദുസ്സ്വഭാവവും മോശമായ പൂര്‍വകാല ചരിത്രവും വിലയിരുത്തിയും സൗമ്യക്കെതിരെ നടന്നത് മനുഷ്യത്വരഹിതവും പൈശാചികവും നീചവുമായ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് വിചാരണ കോടതിയും ഹൈകോടതിയും പ്രതിക്ക് വധശിക്ഷ നല്‍കിയത്.
ട്രെയിനില്‍ സൗമ്യക്കുനേരെ നടന്ന പരാക്രമങ്ങളുടെ വിശദാംശങ്ങളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് വ്യക്തമായി നിരത്താന്‍ കഴിഞ്ഞിരുന്നു. ഇതെല്ലാം ബോധ്യപ്പെട്ട കീഴ്കോടതികള്‍ ശക്തമായ ഭാഷയിലാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച് ഉത്തരവിട്ടത്. എന്നാല്‍, ബലാത്സംഗക്കുറ്റത്തിന് കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ നിലനിര്‍ത്തിയെങ്കിലും സൗമ്യയെ കൊല്ലാനുള്ള ഉദ്ദേശ്യം പ്രതിക്ക് ഉണ്ടായിരുന്നില്ളെന്ന വിലയിരുത്തലിലൂടെയാണ് കൊലക്കുറ്റം ഒഴിവാക്കിയത്.
അതിക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് ചെറിയ ശിക്ഷ നല്‍കുന്നത് നീതിനിര്‍വഹണ സംവിധാനത്തോടുള്ള സമൂഹത്തിന്‍െറ വിശ്വാസം നഷ്ടപ്പെടുത്തുമെന്നായിരുന്നു ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച തൃശൂര്‍ ഫാസ്റ്റ്ട്രാക് കോടതിയുടെ 2011 നവംബര്‍ 11ലെ വിധിയില്‍ നിരീക്ഷിച്ചത്.
മനപരിവര്‍ത്തനം ചെയ്യാന്‍ കഴിയില്ളെന്ന് ഉറപ്പായ വിധം മോശമായ പൂര്‍വകാല ചരിത്രമുള്ള സമൂഹത്തിന് ശാപമായി മാറിയയാളാണ് പ്രതിയെന്നും കീഴ്കോടതി വിലയിരുത്തി. ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന വിലയിരുത്തല്‍ തന്നെയാണ് അപ്പീല്‍ ഹരജിയില്‍ ഹൈകോടതിയും വ്യക്തമാക്കിയത്. വലിച്ചെറിഞ്ഞതുപോലെയാണ് സൗമ്യയുടെ വീഴ്ചയെന്ന് കൃത്യമായി ഹൈകോടതി നിരീക്ഷിച്ചു. വീഴ്ചയില്‍ 13 പല്ലുകള്‍ നഷ്ടപ്പെട്ടു. വീണതിന് ശേഷവും മുഖം നിലത്ത് പലതവണ ഇടിച്ചതിന് തെളിവുകളുണ്ട്. ഈ ആക്രമണത്തിലാണ് അബോധാവസ്ഥയിലായത്.
സ്വയം ചാടുകയോ വീഴുകയോ ചെയ്യുമ്പോഴുണ്ടാകുന്നതരത്തിലെ പരിക്കുകളല്ല കൈയിലടക്കം ശരീരത്തിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിയാണ് കൊല നടത്തിയതെന്ന് ഇഴകീറി പരിശോധിക്കുന്ന നിരീക്ഷണങ്ങളാണ് ഹൈകോടതിയുടെ 359 പേജുള്ള വിധിന്യായത്തിലുണ്ടായിരുന്നത്.
വധശിക്ഷയില്‍ കുറഞ്ഞ ഒന്നിനും പ്രതി അര്‍ഹനല്ളെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കോടതി വിലയിരുത്തി.
വൈകൃതത്തിനും അമിതമായ ക്രൂരപ്രവര്‍ത്തനങ്ങള്‍ക്കും അടിമയാണ് താനെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയോടും സമ്മതിച്ചിട്ടുള്ളതാണ്.
ഒരു വ്യക്തിയുടെ എല്ലാ ചീത്തവശങ്ങളും പുറത്തുവന്ന കുറ്റകൃത്യമാണ് സൗമ്യക്കുനേരെയുണ്ടായത്. ഇങ്ങനെയൊരാള്‍ക്ക് ശിക്ഷയിളവ് നല്‍കുന്നത് നിയമവ്യവസ്ഥയെ സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തുമെന്നും കോടതി നരീക്ഷിച്ചു.
എന്നാല്‍, ഇതേ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കുറ്റം നിലനിര്‍ത്തുകയും കൊലക്കുറ്റം ഒഴിവാക്കുകയുമാണ് സുപ്രീംകോടതി ചെയ്തത്. കൊല ചെയ്യണമെന്ന ഉദ്ദേശ്യം പ്രതിക്ക് ഉണ്ടായിരുന്നില്ളെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.