ബംഗളൂരു സര്‍വിസ് റദ്ദാക്കല്‍: കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിന നഷ്ടം 21 ലക്ഷം

തിരുവനന്തപുരം: കാവേരി നദീജലപ്രശ്നത്തെതുടര്‍ന്ന് ബംഗളൂരു സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം ശരാശരി 21 ലക്ഷം രൂപയുടെ നഷ്ടം. രണ്ടുദിവസം തുടര്‍ച്ചയായി സര്‍വിസുകള്‍ മുടങ്ങിയതോടെ നഷ്ടം 42 ലക്ഷമായി. ഓണമടക്കം വിശേഷാവസരങ്ങളിലാണ് ദീര്‍ഘദൂര സര്‍വിസുകളുടെ കളക്ഷന്‍ വര്‍ധിക്കുന്നത്. അപ്രതീക്ഷിതമായി സര്‍വിസ് നിര്‍ത്തിവെക്കേണ്ടിവന്നതാണ് കെ.എസ്.ആര്‍.ടി.സിക്ക് ഇരുട്ടടിയാകുന്നത്. വിവിധ ഡിപ്പോകളില്‍നിന്ന് 45 ബംഗളൂരു ഷെഡ്യൂളുകളാണുള്ളത്. മധ്യകേരളത്തിലെയും മലബാറിലെയും ഡിപ്പോകളില്‍ 40,000-65,000 രൂപയാണ് ഓരോ ബസിന്‍െറയും ശരാശരി കളക്ഷന്‍. തെക്കന്‍ കേരളത്തിലെ ഡിപ്പോകളില്‍നിന്നുള്ളവയുടെ കളക്ഷന്‍ സീസണില്‍ 90,000 രൂപക്ക് മുകളിലത്തൊറുണ്ട്.

ഞായറാഴ്ചയിലെ കണക്കുപ്രകാരം 21 ലക്ഷം രൂപയാണ് വിവിധ ഡിപ്പോകളില്‍നിന്നുള്ള ബംഗളൂരു സര്‍വിസുകള്‍ വഴി കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. എന്നാല്‍, സര്‍വിസുകളെല്ലാം മുടങ്ങിയ തിങ്കളാഴ്ച കളക്ഷന്‍ പൂജ്യമാണ്. ചൊവ്വാഴ്ചയും ബംഗളൂരു സര്‍വിസുകളൊന്നും അയച്ചിട്ടില്ല. തിരുവനന്തപുരത്തു നിന്നുള്ള രണ്ട് സര്‍വിസുകള്‍ക്കുമായി ഞായറാഴ്ച ലഭിച്ചത് 22 ലക്ഷം രൂപയാണ്. ആലപ്പുഴ ഡിപ്പോയില്‍ നിന്നുള്ള ഒരു സര്‍വിസിന് 85,000 രൂപയും കോഴിക്കോട്ടുനിന്നുള്ള മൂന്ന് സര്‍വിസുകള്‍ക്ക് 1.90 ലക്ഷം രൂപയുമായിരുന്നു ഞായറാഴ്ചയിലെ കളക്ഷന്‍.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുന്ന സ്കാനിയ ബസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സര്‍വിസ് റദ്ദാക്കിയ രണ്ട് ദിവസങ്ങളിലും സീറ്റുകളുടെ റിസര്‍വേഷന്‍ പൂര്‍ണമായിരുന്നു. നിയന്ത്രണം മൈസൂരു സര്‍വിസുകളുടെ കളക്ഷനെയും ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് 3.15നും അഞ്ചിനുമുള്ള ബംഗളൂരു സര്‍വിസുകളും റദ്ദാക്കിയവയില്‍ പെടും. അതേസമയം, രാത്രി എട്ടിനുള്ള മൈസൂരു ബസ് സര്‍വിസ് നടത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.