സുപ്രീംകോടതി പരാമര്‍ശം: ഗോവിന്ദച്ചാമി സന്തോഷത്തില്‍

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി സുപ്രീംകോടതി പരാമര്‍ശമറിഞ്ഞ് സന്തോഷത്തില്‍. ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് സൗമ്യയെ തള്ളിയിട്ടതിന് തെളിവുണ്ടോ എന്ന് വ്യാഴാഴ്ചയാണ് സുപ്രീംകോടതി ചോദിച്ചത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് വധശിക്ഷ നല്‍കാനാവില്ളെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, യു.യു. ലളിത് എന്നിവര്‍ കേരള സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകരെ ഓര്‍മിപ്പിച്ചിരുന്നു. ഈ വിവരം വെള്ളിയാഴ്ച രാവിലെ പത്രങ്ങളിലൂടെയാണ് ഗോവിന്ദച്ചാമി അറിഞ്ഞത്.   
ബന്ധു കൂടിയായ തമിഴ്നാട് സ്വദേശി മുരുകന്‍ വെള്ളിയാഴ്ച ജയിലില്‍  കാണാനത്തെിയപ്പോഴും ഗോവിന്ദച്ചാമിയെ ഏറെ സന്തോഷവാനായിട്ടാണ് കാണപ്പെട്ടതെന്ന് ജയില്‍ ജീവനക്കാര്‍ പറഞ്ഞു.  
സെന്‍ട്രല്‍ ജയിലിലെ പത്താംബ്ളോക്കിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമി കഴിഞ്ഞ അഞ്ച് വര്‍ഷമായി കഴിയുന്നത്.  2011 ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രക്കിടെ വനിതാ കമ്പാര്‍ട്ട്മെന്‍റില്‍ സൗമ്യയെ ബലാത്സംഗത്തിനിരയാക്കി പുറത്തേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. 2011 നവംബര്‍ 11 ന് തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിയെ വധശിക്ഷക്ക് വിധിച്ചത്. ഇതിന് പുറമെ ജീവപര്യന്തം തടവും  ഒരു ലക്ഷം രൂപ പിഴയടക്കാനും വിധിച്ചിരുന്നു. കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹൈകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതോടെയാണ് ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.
വധശിക്ഷക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് 2011 നവംബര്‍ 12ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലത്തെിച്ച ആദ്യദിവസങ്ങളില്‍ രാവിലെ ഇഡ്ഡലിയോ ദോശയോ, ഉച്ചക്ക് ബിരിയാണി, വൈകീട്ട് പൊറോട്ടയും ഇറച്ചിയും എന്നീ വിഭവങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ജയിലധികൃതര്‍ക്ക് ഭക്ഷണം വേണമെന്ന് എഴുതി നല്‍കി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ആദ്യകാലത്ത് ഏറെ പ്രകോപിതനായ ഗോവിന്ദച്ചാമി ജയിലിലെ സി.സി.ടി.വി കമാറകള്‍ തകര്‍ത്തതും ആത്മഹത്യാ ഭീഷണി മുഴക്കിയതും ജയില്‍ ജീവനക്കാര്‍ക്ക് തലവേദനയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.