നായുടെ കടിയേറ്റത് മൂന്നുലക്ഷം പേര്‍ക്ക്; കമ്മിറ്റി മുമ്പാകെ എത്തിയത് 20 പരാതി മാത്രം

കൊച്ചി: സംസ്ഥാനത്ത് തെരുവുനായുടെ കടിയേറ്റവര്‍ മൂന്നുലക്ഷമെങ്കിലും ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ചത് 20 പരാതി മാത്രം. കമ്മിറ്റിയുടെ സ്ഥിരം ഓഫിസ് വ്യാഴാഴ്ചമുതല്‍ എറണാകുളം നോര്‍ത് പരമാര റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുപിന്നാലെ കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സിരിജഗന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

മൂന്നുവര്‍ഷത്തിനിടെ മൂന്നുലക്ഷം പേരെ തെരുവുനായ്ക്കള്‍ കടിക്കുകയും ആക്രമിക്കുകയും ചെയ്തതെന്നാണ് കണ്ടത്തെിയത്. എന്നാല്‍, അപേക്ഷ നല്‍കാന്‍ ആരും മുന്നോട്ടുവരുന്നില്ല. തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുസംബന്ധിച്ച വസ്തുതകള്‍ കണ്ടത്തൊനും നിര്‍ദേശങ്ങള്‍ നല്‍കാനുമായാണ് ഏപ്രില്‍ മുതല്‍ സുപ്രീംകോടതി ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി രൂപവത്കരിച്ചത്.

 കേരളത്തില്‍ ഓരോ വര്‍ഷവും നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെയും ചികിത്സാസൗകര്യങ്ങളെയും നഷ്ടപരിഹാരത്തെയും കുറിച്ച വസ്തുതകള്‍ കണ്ടത്തെി നിര്‍ദേശം സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റിക്ക് രൂപം നല്‍കിയത്. നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ആരോഗ്യസെക്രട്ടറി ഡോ. ആര്‍. രമേഷ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. നായുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിറ്റിയെ സമീപിക്കാമെന്നറിയിച്ച് ഒരു മാസം മുമ്പ് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയെങ്കിലും പ്രതികരണം നിരാശജനകമായിരുന്നു. പരാതിയില്‍ അധികവും പാലക്കാട്, കൊല്ലം ജില്ലകളില്‍നിന്നാണ്.

തെരുവുനായുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരത്തെ വീട്ടമ്മയുടെ ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ട്. അപേക്ഷയും നായുടെ ആക്രമണത്തിന്‍െറ ഗൗരവവും ചികിത്സയും പരിഗണിച്ചശേഷം സമിതിയുടെ റിപ്പോര്‍ട്ട് ശിപാര്‍ശ സഹിതം സുപ്രീംകോടതിക്ക് സമര്‍പ്പിക്കും. അന്തിമതീരുമാനം സുപ്രീംകോടതിയില്‍നിന്നാകും ഉണ്ടാവുക. വസ്തുതാ ശേഖരണത്തിന്‍െറയും നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്നതിന്‍െറയും ഭാഗമായി വരുംദിവസങ്ങളില്‍ എല്ലാ ജില്ലകളിലും സമിതി സിറ്റിങ് നടത്തും. അതത് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുടെകൂടി അഭിപ്രായമാരാഞ്ഞും തെളിവുകള്‍ പരിശോധിച്ചുമാകും സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുക.

എല്ലാ പൊതുജനാരോഗ്യകേന്ദ്രങ്ങളിലും കുറഞ്ഞ വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കുക, നായുടെ കടിയേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുക, കൃത്യമായ മാലിന്യസംസ്കരണം ഉറപ്പാക്കുക, തെരുവുനായ്ക്കളുടെ നിയന്ത്രണം, വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധിത പ്രതിരോധകുത്തിവെപ്പ് തുടങ്ങിയവ ഉറപ്പാക്കാനാണ് സുപ്രീംകോടതി സമിതിക്ക് നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കും.
എറണാകുളം നോര്‍ത്തില്‍ പരമാര റോഡില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് സമിതിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.  എറണാകുളം നോര്‍ത്, പരമാര റോഡ്, യു.പി.എ.ഡി ബില്‍ഡിങ്, 682017 എന്ന വിലാസത്തിലും justicesirijagancommittee@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും നഷ്ടപരിഹാരത്തുകക്കായി പരാതി നല്‍കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.