ശബരിമലയിലെ സ്ത്രീപ്രവേശം: സുപ്രീംകോടതി വിചാരിച്ചാലും സാധിക്കില്ല –സ്വാമി അയ്യപ്പദാസ്


തിരുവനന്തപുരം: ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി വിചാരിച്ചാല്‍ പോലും സാധിക്കില്ളെന്ന് ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്. ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ളതാണ്. അവ അടിച്ചേല്‍പിക്കാനുള്ളതല്ല. വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും അതിന്‍േറതായ പ്രാധാന്യമുണ്ട്. അവ ലംഘിച്ചുകൊണ്ട് ചിലര്‍ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഭക്തര്‍ എതിര്‍ക്കും. ശബരിമല വിഷയം പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി ഇക്കാര്യങ്ങള്‍ കൂടി മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അയ്യപ്പദാസ് പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കാമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതര മതസ്ഥരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുമ്പോള്‍ ഹൈന്ദവസമൂഹത്തെ മാത്രം അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അയ്യപ്പദാസ് അഭിപ്രായപ്പെട്ടു. മുസ്ലിംസ്ത്രീകള്‍ക്ക് ഹജ്ജിലും ഉംറയിലും പങ്കെടുക്കാം. ആത്മീയ കാര്യങ്ങള്‍ക്കായാണ് അവര്‍ മക്കയില്‍ പോകുന്നത്. പക്ഷേ, തിരിച്ചത്തെിയാല്‍ അവര്‍ക്ക് പള്ളികളില്‍ പ്രവേശം നിഷേധിക്കുന്നു. ഇക്കാര്യത്തിലൊന്നും ആര്‍ക്കും ഒരഭിപ്രായവ്യത്യാസവുമില്ല. ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രം പ്രത്യേക താല്‍പര്യങ്ങളും നിലപാടുകളും അടിച്ചേല്‍പിക്കുന്നു. ഇതിനെതിരെ വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.