കെ. ബാബുവിന്‍െറ അനധികൃത സ്വത്തുസമ്പാദനം: എക്സൈസ് രേഖകള്‍ പരിശോധിക്കും


തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിനെതിരായ അനധികൃതസ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ എക്സൈസ് വകുപ്പിലെ രേഖകള്‍ പരിശോധിക്കും.
ബാറുടമകള്‍ക്ക് വഴിവിട്ട സഹായം നല്‍കിയതിലൂടെ ബാബു അനധികൃതമായി സ്വത്തുസമ്പാദിച്ചെന്നാണ് വിജിലന്‍സ് നിഗമനം. ഈ സാഹചര്യത്തിലാണ് എക്സൈസ് രേഖകള്‍ പരിശോധിക്കുന്നത്. ബാര്‍ലൈസന്‍സ് പുതുക്കല്‍, ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ബാബു ബിനാമികളിലൂടെ പണം കൈപ്പറ്റിയെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ എക്സൈസ് ആസ്ഥാനത്തുനിന്ന് കണ്ടത്തൊനാകുമെന്നാണ് വിജിലന്‍സ് സംഘം കണക്കുകൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങുമായി സംസാരിച്ചതായും സൂചനയുണ്ട്. ബാര്‍ കോഴ വിവാദം കത്തിനില്‍ക്കുന്ന സമയത്തും ബാബു ബിയര്‍ പാര്‍ലര്‍ ലൈസന്‍സിന് കോഴ വാങ്ങിയെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് ആരോപിച്ചിരുന്നു. ഇതും വിജിലന്‍സ് അന്വേഷിക്കുമെന്നാണ് വിവരം.

ലൈസന്‍സ് അനുവദിക്കുന്നതിനു മുന്നോടിയായി എക്സൈസിലെ വിശ്വസ്തരായ ചില ഉദ്യോഗസ്ഥരെ ബാബു മറ്റുജില്ലകളിലേക്ക് മാറ്റി നിയമിച്ചതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ബാബുവിന്‍െറ ബിനാമികളെന്ന് കരുതുന്ന സുഹൃത്തുക്കളുടെ വീടുകള്‍ വിജിലന്‍സ് കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. ഇവിടെനിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചില എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.
ബാബുവിന്‍െറ ആശ്രിതവത്സലരായ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാരില്‍ ചിലരും അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.