കോഴിക്കോട്: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് കോഴ്സില്‍ മാനേജ്മെന്‍റ് സീറ്റിന് ഫീസ് വര്‍ധന ചോദിച്ചത് പത്തു ശതമാനം. സര്‍ക്കാര്‍ അനുവദിച്ചതാകട്ടെ, 67 ശതമാനവും! കേരളത്തിലെ പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത തീരുമാനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിയാരത്ത് നടപ്പാക്കുന്നത്.
സര്‍ക്കാറിന്‍െറ സാമ്പത്തിക സഹായത്തോടെ പിടിച്ചുനില്‍ക്കുന്ന സ്ഥാപനമാണ് പരിയാരം മെഡിക്കല്‍ കോളജ്. സര്‍ക്കാര്‍ ഇത് ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ ഒരിടത്തും എത്തിയിട്ടില്ല. പ്രമുഖ സി.പി.എം നേതാവ് എം.വി. ജയരാജനാണ് കോളജ് ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം മാനേജ്മെന്‍റ് സീറ്റില്‍ ആറുലക്ഷം രൂപയാണ് പരിയാരത്ത് വാര്‍ഷിക ഫീസ് വാങ്ങിയത്. ഇത്തവണ പത്തു ശതമാനം വര്‍ധിപ്പിച്ചുതരണമെന്നാണ് മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ആറുലക്ഷത്തില്‍നിന്ന് പത്തു ലക്ഷമാക്കി ഫീസ് ഉയര്‍ത്തിക്കൊടുത്തു. എന്‍.ആര്‍.ഐ സീറ്റിന് 12 ലക്ഷം ആയിരുന്നത് 14 ലക്ഷവുമാക്കി.
പ്രവേശത്തില്‍ മെറിറ്റ് കൃത്യമായി പാലിക്കുന്ന കോളജാണ് പരിയാരം. അതിനാല്‍ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വാങ്ങുന്നതിന്‍െറ പകുതി ഫീസില്‍ കഴിഞ്ഞ വര്‍ഷം വരെ ഇവിടെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമായിരുന്നു. അതാണ് ഇടതുഭരണത്തില്‍ ഇല്ലാതായത്. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ക്കും ഇതുവരെ ലഭിക്കാത്ത ഫീസ് വര്‍ധനയാണ് ഇത്തവണ കിട്ടിയത്. 2015 വരെ പ്രതിവര്‍ഷം പത്തു ശതമാനം ഫീസ് വര്‍ധിപ്പിച്ചുനല്‍കിയത് ഇടതുഭരണത്തില്‍ 30 ശതമാനമായി ഉയര്‍ന്നു.
നീറ്റ് പട്ടികയില്‍നിന്ന് പ്രവേശം നടത്തണമെന്നും സ്വന്തംനിലയില്‍ പരീക്ഷ നടത്തരുതെന്നും നിബന്ധന ഉണ്ടായിരുന്നതിനാല്‍ ഇത്തവണ പ്രവേശത്തില്‍ തലവരിപ്പണം എങ്ങനെ വാങ്ങുമെന്ന ആശങ്കയിലായിരുന്നു മാനേജ്മെന്‍റുകള്‍. അതിന് പരിഹാരമായി തലവരിപ്പണം കൂടി ഫീസില്‍ ചേര്‍ത്തുകൊടുക്കുകയാണ് ഫലത്തില്‍ സര്‍ക്കാര്‍ ചെയ്തത്. മാനേജ്മെന്‍റ് സീറ്റിലെ വാര്‍ഷിക ഫീസ് എട്ടര ലക്ഷത്തില്‍നിന്ന് 11 ലക്ഷവും എന്‍.ആര്‍.ഐ ഫീസ് പന്ത്രണ്ടര ലക്ഷത്തില്‍നിന്ന് 15 ലക്ഷവുമായാണ് വര്‍ധിപ്പിച്ചുകൊടുത്തത്. ഡെന്‍റല്‍ സീറ്റുകളിലും മുപ്പതു ശതമാനം വര്‍ധന നല്‍കി.
നീറ്റ് നടപ്പാക്കുമ്പോള്‍ യോഗ്യതയുള്ളവര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അര്‍ഹത ലഭിക്കുമെന്ന ധാരണയാണ് ഇതോടെ തിരുത്തപ്പെട്ടത്. മിടുക്കല്ല, തുട്ടുതന്നെയാണ് മാനദണ്ഡമെന്ന് വ്യക്തം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശം നടത്തുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ തൊട്ടുപിറകെ ഇത്ര വലിയ കീഴടങ്ങല്‍ നടത്തിയപ്പോള്‍ പത്തു ശതമാനം ഫീസ് വര്‍ധനക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ സമരം ചെയ്ത ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകളെ മഷിയിട്ടുനോക്കിയാലും കാണാനില്ലാത്ത സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.