ആറു സ്വാശ്രയ ഡെന്‍റല്‍ കോളജുകളില്‍ കരാറിലും കുറഞ്ഞ ഫീസില്‍ വിദ്യാര്‍ഥി പ്രവേശം

തിരുവനന്തപുരം: ഈ വര്‍ഷം കരാര്‍ പ്രകാരമുള്ള ഫീസ് ഘടനയുമായി മുന്നോട്ടുപോയാല്‍ മതിയെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ പ്രവേശ പരീക്ഷാ കമീഷണര്‍ വെള്ളിയാഴ്ച നടത്തിയ സ്പോട്ട് അലോട്ട്മെന്‍റില്‍ ആറു സ്വാശ്രയ ഡെന്‍റല്‍ കോളജുകളില്‍ കരാറിലും കുറഞ്ഞ ഫീസില്‍ വിദ്യാര്‍ഥി പ്രവേശം. പെരിന്തല്‍മണ്ണ എം.ഇ.എസ് ഡെന്‍റല്‍ കോളജ്, അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്‍റല്‍ കോളജ്, കാസര്‍കോട് സെഞ്ച്വറി ഡെന്‍റല്‍ കോളജ്, കൊല്ലം അസീസിയ ഡെന്‍റല്‍ കോളജ്, കോഴിക്കോട് അത്തോളി ശ്രീ അഞ്ജനേയ ഡെന്‍റല്‍ കോളജ്, കോതമംഗലം മാര്‍ബസേലിയോസ് ഡെന്‍റല്‍ കോളജ് എന്നിവിടങ്ങളിലാണിത്. ഈ കോളജുകളില്‍ അവശേഷിക്കുന്ന മാനേജ്മെന്‍റ്/എന്‍.ആര്‍.ഐ സീറ്റുകളാണ് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശ പരീക്ഷാ കമീഷണര്‍ നികത്തിയത്. കരാര്‍ പ്രകാരം മാനേജ്മെന്‍റ് സീറ്റില്‍ അഞ്ചുലക്ഷം രൂപയും എന്‍.ആര്‍.ഐ സീറ്റില്‍ ആറുലക്ഷവുമാണ് ഫീസ്. പ്രവേശ പരീക്ഷാ കമീഷണര്‍ വെള്ളിയാഴ്ച ഈ കോളജുകളില്‍ അവശേഷിക്കുന്ന 83 ബി.ഡി.എസ് സീറ്റുകളിലേക്ക് 2.10 ലക്ഷം രൂപ ഫീസ് നിരക്കിലാണ് സ്പോട്ട് അഡ്മിഷന്‍ നല്‍കിയത്.

ഈ കോളജുകളിലെ 30 ശതമാനം മെറിറ്റ് സീറ്റുകളില്‍ ഈടാക്കിയ ഫീസായ 2.10 ലക്ഷം രൂപയാണ് അവശേഷിച്ച മാനേജ്മെന്‍റ് സീറ്റുകളിലേക്ക് ഈടാക്കിയതെന്ന് വ്യക്തം. അതേസമയം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പരിയാരം ഡെന്‍റല്‍ കോളജില്‍ അവശേഷിച്ചിരുന്ന മൂന്ന് മാനേജ്മെന്‍റ് സീറ്റുകളിലേക്ക് കരാര്‍ പ്രകാരമുള്ള നാലുലക്ഷം രൂപ ഫീസ് ഈടാക്കിയാണ് സ്പോട്ട് അഡ്മിഷന്‍ നല്‍കിയത്. ഇതിനുപുറമെ മാനേജ്മെന്‍റ് ക്വോട്ടയില്‍ ഡെന്‍റല്‍ സീറ്റുകള്‍ ഒഴിവുള്ള പാലക്കാട് റോയല്‍, മലപ്പുറം എജുകെയര്‍, തൃശൂര്‍ പി.എസ്.എം എന്നിവിടങ്ങളില്‍ കരാര്‍ പ്രകാരമുള്ള അഞ്ചുലക്ഷം രൂപ ഫീസിലും അഞ്ചുലക്ഷം രൂപ പലിശരഹിത നിക്ഷേപത്തിലും കൊച്ചി അമൃത ഡെന്‍റല്‍ കോളജിലെ 21 സീറ്റുകളിലേക്കും അഞ്ചുലക്ഷം രൂപ ഫീസിലുമാണ് സ്പോട്ട് അഡ്മിഷന്‍.

അതേസമയം, കുറഞ്ഞ ഫീസില്‍ പ്രവേശം നല്‍കിയ ആറുകോളജുകളിലും നേരത്തേ മാനേജ്മെന്‍റ് ക്വോട്ട സീറ്റില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികളില്‍നിന്ന് അഞ്ചുലക്ഷം രൂപ ഫീസാണ് ഈടാക്കിയത്. തങ്ങള്‍ക്കും ഫീസ് ഇളവ് വേണമെന്ന നിലപാടിലാണ് ഈ വിദ്യാര്‍ഥികള്‍. നേരത്തേ മെഡിക്കല്‍ സീറ്റില്‍ ഫീസിളവിന് തയാറാണെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയതോടെയാണ് ഇതുസംബന്ധിച്ച് ചര്‍ച്ചക്ക് വഴി തുറന്നത്. എന്നാല്‍ ഈ വര്‍ഷം കരാറിലെ ഫീസുമായി മുന്നോട്ടുപോകാമെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.