കെ.എം.എം.എല്‍ മഗ്നീഷ്യം ഇടപാട്: ടോം ജോസിനെതിരെ എഫ്.ഐ.ആര്‍

തിരുവനന്തപുരം: കെ.എം.എം.എല്‍ മഗ്നീഷ്യം ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍.  ടോം ജോസ് കെ.എം.എം.എല്‍ എം.ഡി ആയിരിക്കെ നടത്തിയ വിവാദ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാറിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്ന് എഫ്.ഐ.ആര്‍ ഇട്ടത്. കെ.എം.എം.എല്ലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 2012-13,14 കാലഘട്ടത്തിലാണ് സംഭവം.

ഒരു മെട്രിക് ടണ്‍ മഗ്നീഷ്യം 1.87 കോടി രൂപക്കാണ് കെ.എം.എം.എല്‍ പ്രാദേശികവിപണിയില്‍നിന്ന് വാങ്ങിയിരുന്നത്. ഇതൊഴിവാക്കാന്‍ ടോം ജോസ് ആഗോള ടെന്‍ഡര്‍ വിളിച്ചെന്നും ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടത്തെിയത്.  പ്രാദേശിക വിപണിയില്‍ 1.87 കോടിക്ക് ലഭിക്കുന്ന മഗ്നീഷ്യം വിദേശത്തുനിന്ന് 2.62 കോടിക്ക് വാങ്ങി. 162 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തു. ഇതിലൂടെ 1.21 കോടിയുടെ നഷ്ടമുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഉദയകുമാര്‍ എഫ്.ഐ.ആറില്‍ പറയുന്നു.

കെ.എം.എം.എല്ലില്‍ നടന്ന പെയിന്‍റിങ് ജോലികളിലും ക്രമക്കേട് നടന്നിട്ടുണ്ടത്രെ. ഭവാനി ഇറക്ടേഴ്സ് എന്ന സ്ഥാപനത്തിന് പെയിന്‍റടിക്കാന്‍ കരാര്‍ നല്‍കി.  കരാര്‍ തുകയോടൊപ്പം 51 ലക്ഷം രൂപ സേവനനികുതി ഇനത്തില്‍ അധികമായി നല്‍കിയത് ചട്ടവിരുദ്ധമാണെന്നും കണ്ടത്തെിയിട്ടുണ്ട്. വിവാദ ഇടപാടുകളും ടെന്‍ഡര്‍ നടപടികളും നടന്നത് ഉന്നതതലത്തിലുണ്ടായ ഗൂഢാലോചനയുടെ ഭാഗമായാണ്.  ഈ സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ചു. കഴിഞ്ഞദിവസം, മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയിന്മേല്‍ ടോംജോസിനെതിരെ വിജിലന്‍സ് മറ്റൊരന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.