ചെങ്ങന്നൂർ കൊലപാതകം: ജോണിന്‍റെ വലതുകൈ പമ്പാനദിയിൽ നിന്ന് കണ്ടെത്തി

മാന്നാർ: ചെങ്ങന്നൂരിൽ മകൻ കൊലപ്പെടുത്തിയ അമേരിക്കൻ മലയാളിയുടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. പമ്പാനദിയുടെ ഭാഗമായ മാന്നാർ പാവുക്കരയിൽ നിന്നാണ് ജോണിന്‍റെ വലതുകൈ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇനി ലഭിക്കാനുള്ള വലതുകാലിന് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. ശരീര ഭാഗങ്ങൾ ലഭിച്ച സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റ്മോർട്ടം നടത്തുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

ജോണിന്‍റെ കാലുകളും കൈകളും പമ്പയാറ്റിലാണ് ഉപേക്ഷിച്ചതെന്ന ഷെറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. തലയുടെ ഭാഗം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും ഉടലിന്‍റെ ഭാഗങ്ങൾ ചങ്ങനാശേരി ബൈപാസിൽ നിന്നും തിങ്കളാഴ്ച ലഭിച്ചിരുന്നു. കൂടാതെ ശരീര ഭാഗങ്ങൾ നിക്ഷേപിച്ച സ്ഥലങ്ങളിൽ പ്രതി ഷെറിന്‍റെ എത്തിച്ച് പൊലീസ് തെളിവെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്.

യു.എസ് പൗരത്വമുള്ള വ്യവസായി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ് (68) മകന്‍ ഷെറിന്‍ ജോൺ ‍(36) കൊലപ്പെടുത്തിയത്. മേയ് 25 മുതല്‍ ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ജോയി ജോണിന്‍റെ ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസിന് പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്  കോട്ടയത്തെ ലോഡ്ജിൽ നിന്നും ഷെറിനെ പിടികൂടി. ജോയിയെ വെടിവെക്കാൻ ഉപയോഗിച്ച തോക്കും ഇവർ സഞ്ചരിച്ച ആഡംബര കാറും പൊലീസ് കണ്ടെടുത്തു.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ അജയ്നാഥ്, മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍ എന്നിവരും എട്ട് എസ്.ഐമാരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.