മന്ത്രവാദ ചികിത്സയുടെ മറവില്‍ പീഡനം; യതീംഖാന പിരിവുകാരന്‍ അറസ്റ്റില്‍


നിലമ്പൂര്‍: മന്ത്രവാദ ചികിത്സയുടെ മറവില്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യതീംഖാന പിരിവുകാരന്‍ അറസ്റ്റില്‍. കാളികാവ് കെ.എ.കെ പടി കുന്നുമ്മല്‍ അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞുട്ടിയെയാണ് (50) നിലമ്പൂര്‍ സി.ഐ ടി. സജീവന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സ്വദേശിനിയായ 19കാരിയാണ് പരാതി നല്‍കിയത്. പാലക്കാട് കേന്ദ്രീകരിച്ച ഒരു യതീംഖാനയുടെ മലപ്പുറം ജില്ലയിലെ പിരിവുകാരനാണ് പ്രതി. മകളുടെ വിവാഹം നടക്കാന്‍ മന്ത്രവാദ ചികിത്സ നടത്തിയാല്‍ മതിയെന്ന് യുവതിയുടെ മാതാവിനെ ധരിപ്പിച്ചായിരുന്നു പീഡനം. 2015 ഡിസംബറിലായിരുന്നു സംഭവം.
 വിവാഹമോചിതരെയും അവിവാഹിതരെയും മാനസികവൈകല്യമുള്ള യുവതികളെയും ഈ രീതിയില്‍ ഇയാള്‍ പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. യുവതികളുടെ ദേഹത്ത് കയറിയ ജിന്നിനെ അകറ്റാനെന്ന് പറഞ്ഞ് അടച്ചിട്ട മുറിയില്‍ മൂന്ന് ദിവസങ്ങളിലായാണ് ചികിത്സ. ആദ്യ രണ്ട് ദിവസം വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളേയും മുറിയില്‍ പ്രവേശിപ്പിക്കും. മൂന്നാം ദിവസം ജിന്ന് ഇറങ്ങിപ്പോകുമെന്നും ഈ സമയത്ത് യുവതി മാത്രമേ മുറിയിലുണ്ടാകൂവെന്നുമാണ് പറയുക. ഈ സമയത്താണ് പീഡനമെന്ന് പൊലീസ് പറഞ്ഞു. ‘തങ്ങള്‍’ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. സുഹൃത്തിന്‍െറ പേരിലെടുത്ത സിം കാര്‍ഡിലെ നമ്പറാണ് ചികിത്സക്കത്തെുന്ന വീട്ടില്‍ നല്‍കുക.
മലപ്പുറം, പാലക്കാട് ജില്ലകളിലെ പല സ്ത്രീകളേയും ഇയാള്‍ ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. നിലമ്പൂര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. എസ്.ഐ സി. പ്രദീപ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. മനോജ്, പി.സി. വിനോദ്, ടി. വിനോബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.