കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ പ്രത്യേക പാക്കേജിന് ആലോചന

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് ആലോചിക്കുന്നു.
ആദ്യഘട്ടത്തില്‍ ലാഭകരമായില്ളെങ്കിലും നഷ്ടമില്ലാത്ത നിലയിലേക്ക് കോര്‍പറേഷന്‍െറ സാമ്പത്തിക നില എത്തിക്കാനാണ് ആലോചന. ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂനിയനുകളുടെയും വ ിദഗ്ധരുടെയും അഭിപ്രായമാരായാനാണ് തീരുമാനം. നിലവില്‍  കോര്‍പറേഷന്‍െറ പ്രതിമാസ വരുമാനം ശരാശരി 170 കോടിയും  ചെലവ് ശരാശരി 260 കോടിയുമാണ്. ഇത് സന്തുലിതമാക്കാനാണ് പാക്കേജില്‍ ഊന്നല്‍ നല്‍കുക.  ഒപ്പം പരസ്യമടക്കം ഇതരവരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആലോചയുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധോപദേശവും തേടും. സേവനലഭ്യതയെ ബാധിക്കാത്ത രീതിയിലാവും നടപടികള്‍.

പെന്‍ഷനും ശമ്പളവും മുടങ്ങാതെ കോര്‍പറേഷന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. പെന്‍ഷന്‍ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നഷ്ടത്തിലുള്ള സര്‍വിസുകള്‍ റീ ഷെഡ്യൂല്‍ ചെയ്യല്‍, ദേശസാത്കൃത നടപടകള്‍ ത്വരിതപ്പെടുത്തല്‍ അടക്കം പരിഗണനയിലുണ്ടെന്നാണ് വിവരം. അന്തര്‍സംസ്ഥാന സര്‍വിസുകള്‍ വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. കര്‍ണാടകയില്‍ 12294 കിലോ മീറ്റര്‍ ദൂരം സര്‍വിസ് നടത്തുന്നതിന് ധാരണപത്രം ഒപ്പിട്ടുവെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല. കോഴിക്കോട്-മുംബൈ സര്‍വിസും, എറണാകുളം-ചെന്നൈ സര്‍വിസിനും സാധ്യതാപഠനം നടത്തിയതല്ലാതെ തുടര്‍നടപടി ഉണ്ടായില്ല. ടൂറിസം  കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കണക്ടിവിറ്റി സര്‍വിസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സ്ഥിരംജീവനക്കാരുടെ ശമ്പളയിനത്തില്‍ 64.50 കോടിയാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ ചെലവ്.  37512 പെന്‍ഷന്‍കാരുണ്ട്. പെന്‍ഷന്‍ ഇനത്തില്‍  45.25 കോടി രൂപയാണ് പ്രതിമാസ ചെലവ്.  ബാധ്യതകളുടെ നീണ്ടനിരയാണ് മുന്നില്‍. വിവിധ എം.എ.സി.ടി കോടതികളില്‍ വിധിയായ 3210 കേസുകളിലായി 33.52 കോടി രൂപയും കുടിശ്ശികയും പലിശയുമുണ്ട്.  എച്ച.പി.സിക്ക് പ്രതിമാസം ശരാശരി 50 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്. സര്‍ക്കാറിലേക്ക് തിരിച്ചടക്കാനുള്ളത്  380.81 കോടി രൂപയും.

5.50 കോടി രൂപയായിരുന്നു പ്രതിദിന കലക്ഷന്‍ ഇപ്പോള്‍ 4.50 കോടിയായി താഴ്ന്നു. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്് ഒരു രൂപ കുറച്ചതോടെ  75 ലക്ഷം രൂപയുടെ കുറവാണ് പ്രതിദിനമുണ്ടായത്. ഇതിനനുസരിച്ച് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതുമില്ല. പുനരുജ്ജീവന പദ്ധതികളുടെ ഭാഗമായി  ബാങ്കുകളുടെ കണ്‍സോര്‍ട്യം  രൂപവത്കരിച്ച് 1300 കോടി വായ്പലഭ്യമാക്കിയിട്ടുണ്ടെങ്കിലും പ്രതിസന്ധിക്ക് അയവുവന്നിട്ടില്ല. എസ്.ബി.ഐയുടെ നേതൃത്വത്തിലെ ബാങ്കുകളുടെ കസോര്‍ട്യമാണ് ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയെയും സര്‍ക്കാറിനെയും സഹായിക്കാന്‍ തയാറായത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.