ചെങ്ങന്നൂർ കൊലപാതകം: മകൻ അറസ്റ്റിൽ; കൂടുതൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തി

ചങ്ങനാശേരി: ചെങ്ങന്നൂരിൽ കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ശരീരത്തിന്‍റെ കൂടുതൽ ഭാഗങ്ങള്‍ കോട്ടയത്ത് നിന്ന് കണ്ടെത്തി. തലയുടെ ഭാഗം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങൾ ചങ്ങനാശേരി ബൈപാസിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പമ്പാനദിയില്‍ നടത്തിയ തിരച്ചിലില്‍ കൈ കണ്ടെടുത്തിരുന്നു. ശരീര ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഷെറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ശരീര ഭാഗങ്ങൾ കണ്ടെടുത്ത സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കുകയാണ്. വൈകിട്ട് നാലിന് ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍ നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇതേകുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കും.

പണം ധൂർത്തടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പിതാവിനെ കൊലപ്പെടുത്താൻ കാരണമെന്ന് ഷെറിൻ മൊഴി നൽകി. തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് വരുമ്പോൾ മുളക്കുഴ എന്ന സ്ഥലത്തുവെച്ചാണ് ജോണിനെ കൊലപ്പെടുത്തിയത്. സ്കോഡ കാറിൽവെച്ച് നാലുതവണ തലക്കുനേരെ വെടിയുതിർത്തു. അതിനുശേഷം മൃതദേഹം കത്തിക്കുന്നതിന് ചെങ്ങന്നൂരിലെ തന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടത്തിലെ ഗോഡൗണിൽവെച്ച് കത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലു കക്ഷണങ്ങളായി മുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടിട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ ഭാഗങ്ങൾ പല സ്ഥലങ്ങളിലായി പ്രതി ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് പ്രതി കൊലപാതകം സംബന്ധിച്ച പൂർണമായ വിവരങ്ങൾ പൊലീസിന് നൽകിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മൊഴിമാറ്റി പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം ഷെറിൻ നടത്തി വരികയായിരുന്നു.

യു.എസ് പൗരത്വമുള്ള വ്യവസായി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ് (68) മകന്‍ ഷെറിന്‍ ജോൺ ‍(36) കൊലപ്പെടുത്തിയത്. മേയ് 25 മുതല്‍ ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ജോയി ജോണിന്‍റെ ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസിന് പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്  കോട്ടയത്തെ ലോഡ്ജിൽ നിന്നും ഷെറിനെ പിടികൂടി. ജോയിയെ വെടിവെക്കാൻ ഉപയോഗിച്ച തോക്കും ഇവർ സഞ്ചരിച്ച ആഡംബര കാറും പൊലീസ് കണ്ടെടുത്തു.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ അജയ്നാഥ്, മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍ എന്നിവരും എട്ട് എസ്.ഐമാരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.