കെ.എസ്.ആര്‍.ടി.സി ഹിതപരിശോധന: സി.ഐ.ടി.യുവിനും ടി.ഡി.എഫിനും അംഗീകാരം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഹിതപരിശോധനയില്‍ സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി എംപ്ളോയീസ് അസോസിയേഷനും (കെ.എസ്.ആര്‍.ടി.ഇ.എ) കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും  (ടി.ഡി.എഫ്) അംഗീകാരം നേടി.
48.52 ശതമാനം വോട്ട് നേടിയാണ് കെ.എസ്.ആര്‍.ടി.ഇ.എ പ്രഥമ സ്ഥാനം സ്വന്തമാക്കിയത്.  18508 വോട്ടാണ് കെ.എസ്.ആര്‍.ടി.ഇ.എക്ക് ലഭിച്ചത്.  ടി.ഡി.എഫിന് 10302 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ടി.ഡി.എഫിന് വോട്ട് അക്കൗണ്ടില്‍ കാര്യമായ ഇടിവുണ്ടായി. കഴിഞ്ഞതവണ 37.09 ശതമാനം വോട്ട് ലഭിച്ചത് ഇത്തവണ 27.01 ആയി ചുരുങ്ങി. എ.ഐ.ടി.യു.സി പിന്തുണയുള്ള ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയനാണ് (കെ.എസ്.ടി.ഇ.യു) മൂന്നാം സ്ഥാനം. 9.45 ശതമാനം വോട്ടാണ്  ലഭിച്ചത്. കഴിഞ്ഞതവണ 9.78 ശതമാനം വോട്ട് ലഭിച്ചിരുന്നു.
അഞ്ച് സംഘടനകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഒന്നാം സ്ഥാനം ലഭിച്ച കെ.എസ്.ആര്‍.ടി.ഇ.എക്ക് ഉള്‍പ്പെടെ വോട്ടിങ് ശതമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ബി.എം.എസ് പിന്തുണയുള്ള എംപ്ളോയീസ് സംഘിനും (കെ.എസ്.ടി.ഇ.എസ്) ഹിതപരിശോധനയില്‍ നേട്ടമുണ്ടായി. കഴിഞ്ഞതവണ 2.66 ശതമാനം വോട്ടുണ്ടായിരുന്ന ബി.എം.എസിന് 8.31 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞു. കെ.എസ്.ടി.ഇ.എസിനാണ് നാലാം സ്ഥാനം. ആദ്യമായി ഹിതപരിശോധനയില്‍ പങ്കെടുക്കുന്ന സ്വതന്ത്ര സംഘടനയായ വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.എസ്.ആര്‍.ടി.ഇ.ഡബ്ള്യു.എ ) മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരുടെ മുന്നേറ്റത്തില്‍ നഷ്ടമുണ്ടായത് ടി.ഡി.എഫിനാണ്. വെല്‍ഫെയര്‍ അസോസിയേഷന്‍ 6.46 ശതമാനം വോട്ടാണ് ആദ്യ മത്സരത്തില്‍ കൈയിലൊതുക്കിയത്. ഇവര്‍ക്കാണ് അഞ്ചാം സ്ഥാനം. 95 വോട്ട് അസാധുവായി.
15 ശതമാനം വോട്ട് നേടുന്നവര്‍ക്കാണ് ഹിതപരിശോധനയില്‍ അംഗീകാരം ലഭിക്കുന്നത്. മേയ് 23നാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഹിതപരിശോധന നടന്നത്. സ്ഥിരം ജീവനക്കാരും താല്‍ക്കാലികക്കാരും ഉള്‍പ്പെടെ 39955 വോട്ടര്‍മാരുള്ളതില്‍ 95 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.