ഇടപ്പള്ളി സമരനായകന്‍ കെ.സി. മാത്യു അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും പാര്‍ട്ടിയുടെ ചരിത്രത്തിലെ പ്രമാദമായ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ ഒന്നാം പ്രതിയുമായിരുന്ന കെ.സി. മാത്യു അന്തരിച്ചു. 92വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 26 ന് വൈകീട്ട് നാലിന് ആലപ്പുഴ വലിയചുടുകാട്ടില്‍. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ 11.30 വരെ ഇടപ്പള്ളി ഉണിച്ചിറയിലെ വസതിയിലും തുടര്‍ന്ന് 12 മുതല്‍ രണ്ടുവരെ സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫിസിലും പൊതുദര്‍ശനത്തിന് വെക്കും.

വീട്ടുമുറ്റത്ത് തെന്നി വീണതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.1950ലെ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ  ഒന്നാം പ്രതിയും ആസൂത്രകനുമായിരുന്നു കെ.സി. മാത്യു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ മരിച്ചു. അറസ്റ്റിലായതിനെ തുടര്‍ന്ന് കൊടിയ ലോക്കപ്പ് മര്‍ദനത്തിനും ഇരയായി. വിവിധ കേസുകളിലായി ഒമ്പത് വര്‍ഷത്തോളം ആലുവ, എറണാകുളം, പറവൂര്‍, പെരുമ്പാവൂര്‍, വിയ്യൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍  തടവില്‍ കഴിഞ്ഞു. ഇന്ത്യ-ചൈന യുദ്ധകാലത്തും ആറ് മാസത്തോളം ജയില്‍വാസമനുഭവിച്ചു.വടക്കന്‍ പറവൂരിലെ യാഥാസ്ഥിതിക കുടുംബമായ പെരുമ്പടന്നയില്‍ കുളങ്ങര മുണ്ടോപ്പാടത്ത് ചാക്കോയുടെയും കോലഞ്ചേരി തേനുങ്കല്‍ സാറാമ്മയുടെയും മൂത്തമകനായി 1924 സെപ്റ്റംബര്‍ എട്ടിനാണ് കെ.സി. മാത്യു ജനിച്ചത്.

ജയില്‍ മോചിതനായശേഷം ട്രേഡ് യൂനിയന്‍ രംഗത്തായി കെ.സി. മാത്യുവിന്‍െറ പ്രവര്‍ത്തനം.ഏലൂര്‍ മഞ്ഞുമ്മല്‍ ഉഴുന്നുകാട്ടില്‍ അഗസ്റ്റിന്‍-ത്രേസ്യ ദമ്പതികളുടെ മകള്‍ മേരിയാണ് ഭാര്യ. മേരി ദീര്‍ഘകാലം കേരള മഹിളാസംഘം എറണാകുളം ജില്ലാ പ്രസിഡന്‍റും എന്‍.എഫ്.ഐ ഡബ്ള്യൂവിന്‍െറ ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്നു.മക്കള്‍: പാട്രിസ്, മല്ലിക, നിഹാര്‍. മരുമക്കള്‍: സജി, കുര്യാക്കോസ്, പോള്‍സണ്‍. സഹോദരങ്ങള്‍: കെ.സി. എബ്രഹാം (അമേരിക്ക), കെ.സി. രാജന്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.