പ്ളസ് വണ്‍ ഏകജാലക പ്രവേശം അപേക്ഷകരുടെ തള്ളിക്കയറ്റത്തില്‍ സ്തംഭിച്ച് പോര്‍ട്ടല്‍

തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മന്ദഗതിയിലായത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം. ഒരേസമയത്ത് പതിനായിരക്കണക്കിന് പേര്‍ കയറിയതോടെയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്പോര്‍ട്ടല്‍ പണിമുടക്കിയത്.
പലര്‍ക്കും അപേക്ഷാ സമര്‍പ്പണത്തിന് പോര്‍ട്ടലില്‍ പ്രവേശിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. പ്രവേശിച്ചവര്‍ക്ക് അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കാനാകുന്നില്ല. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രിന്‍െറടുക്കാനും കഴിയുന്നില്ല.
ചൊവ്വാഴ്ച വരെ രണ്ടുലക്ഷത്തിലധികം പേര്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ 1.4 ലക്ഷം പേര്‍ പ്രിന്‍െറടുത്തു. 40000 പേര്‍ക്ക് പ്രിന്‍െറടുക്കാന്‍ സാധിച്ചിട്ടില്ല. പരാതി വ്യാപകമായതോടെ ചൊവ്വാഴ്ച ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അടിയന്തരയോഗം വിളിച്ചു. ഐ.ടി മിഷന്‍, എന്‍.ഐ.സി, സ്റ്റേറ്റ് ഡാറ്റാ സെന്‍റര്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
അപേക്ഷകരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റത്തിന്‍െറ സാഹചര്യത്തില്‍ സ്റ്റേറ്റ് ഡാറ്റാ സെന്‍ററില്‍ പ്ളസ് വണ്‍ അപേക്ഷാ ആവശ്യത്തിന് അധിക സെര്‍വര്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ചൊവ്വാഴ്ച രാത്രിയോടെതന്നെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. പ്രിന്‍െറടുക്കാനുള്ള തടസ്സം പരിഹരിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെയോടെ മറ്റ് സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. അപേക്ഷകര്‍ ധിറുതി കൂട്ടേണ്ടതില്ളെന്നും മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ നിലവില്‍ അനുവദിച്ച അപേക്ഷാ സമയം ദീര്‍ഘിപ്പിക്കും.
യോഗത്തില്‍ ഹയര്‍സെക്കന്‍ഡറി ജോയന്‍റ് ഡയറക്ടര്‍ ഡോ. പി.എ. സാജുദ്ദീന്‍, ഐ.ടി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് വൈ. സഫറുല്ല, എന്‍.ഐ.സി പ്രതിനിധി എഡ്വിന്‍, ഹയര്‍സെക്കന്‍ഡറി ഐ.സി.ടി കോഓഡിനേറ്റര്‍ മുരളീധരന്‍, ഡാറ്റാ സെന്‍റര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.