19 അംഗ മന്ത്രിസഭ; സത്യപ്രതിജ്ഞ 25ന്

തിരുവനന്തപുരം: ബുധനാഴ്ച അധികാരമേല്‍ക്കുക19 അംഗ മന്ത്രിസഭ. 25ന് വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുമ്പാകെ പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപവത്കരണത്തിന്‍െറ അവസാന തയാറെടുപ്പിലേക്ക് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വം കടന്നു. തിങ്കളാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭാ രൂപവത്കരണത്തിനുള്ള അവകാശവാദം പിണറായി വിജയന്‍ ഉന്നയിക്കും.

മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എം, സി.പി.ഐ ധാരണയനുസരിച്ചാണ് മന്ത്രിസഭയുടെ അംഗസംഖ്യ 19 ആയി നിജപ്പെടുത്തിയത്.2006ലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ 20 അംഗങ്ങളാണുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ 21പേരും. ഇത്തവണ മുഖ്യമന്ത്രി ഉള്‍പ്പെടെ സി.പി.എം - 12, സി.പി.ഐ - നാല്, കോണ്‍ഗ്രസ് -എസ്, എന്‍.സി.പി, ജനതാദള്‍ -എസ് ഓരോന്നു വീതം എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്പീക്കര്‍ പദവി സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സി.പി.ഐക്കുമായിരിക്കും. ചീഫ്വിപ്പ് പദവിക്കുപകരം പാര്‍ലമെന്‍ററികാര്യമന്ത്രിയാവും ആ ചുമതല വഹിക്കുക.  

മുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയവരില്‍ വിജയിച്ച കേരള കോണ്‍ഗ്രസ്-ബി), സി.എം.പി, ആര്‍.എസ്.പി-എല്‍ കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പങ്കാളിത്തം   ഉണ്ടാവില്ല. മന്ത്രിസഭാ രൂപവത്കരണത്തിന്‍െറയും ഓരോ കക്ഷിയുടെയും വകുപ്പുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ ഞായറാഴ്ച വൈകീട്ട് എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേരും. വൈകീട്ട് നാലിന് എല്‍.ഡി.എഫ് ചേരുന്നതിനുമുമ്പ് മൂന്നിന്  സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും എ.കെ.ജി സെന്‍ററില്‍ നടക്കും. മുന്നണിക്ക് പുറത്തുള്ള കക്ഷികളെ എല്‍.ഡി.എഫില്‍ അംഗമാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയാവില്ല.

സി.പി.എം അടക്കമുള്ളവര്‍  മന്ത്രിമാരുടെ കാര്യത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി തീരുമാനത്തിലത്തെും. ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് 22ന് രാവിലെ ചേരും. 23ന് സംസ്ഥാന സമിതിയും. തുടര്‍ന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്ത് പിണറായി വിജയനെ കക്ഷിനേതാവായി തെരഞ്ഞെടുക്കും. പിന്നീടാവും സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുക. മന്ത്രിസഭ തീരുമാനിക്കാന്‍ 23ന് രാവിലെ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയും തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലും ചേരും.ജനതാദള്‍-എസും എന്‍.സി.പിയും നേതൃയോഗം 22ന് വിളിച്ചിട്ടുണ്ട്. ജനതാദളില്‍നിന്ന് മാത്യു ടി. തോമസും എന്‍.സി.പിയില്‍ നിന്ന് തോമസ് ചാണ്ടിയും കോണ്‍ഗ്രസ് -എസില്‍നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.