ഏലം വില ഉയരുന്നു; ഇ-ലേലത്തില്‍ കൂടിയവില 1249

കട്ടപ്പന: കൃഷിനാശവും ഓഫ് സീസണും മൂലം ഏലംവില ഉയരുന്നു. കനത്ത വേനലിനെ തുടര്‍ന്ന് ഏലകൃഷി ഉണങ്ങിനശിച്ചത് ഉല്‍പാദന രംഗത്ത് വന്‍ ഇടിവുണ്ടാക്കുമെന്ന സൂചനകള്‍ വന്നതോടെ രണ്ടാഴ്ചയായി ഏലത്തിന്‍െറ വില ഉയരുകയാണ്. വിളവെടുപ്പ് സീസണ്‍ ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയാണ്. ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിളവെടുപ്പ് അപൂര്‍വമാണ്. സ്ഥിരമായി ജലസേചനം നടത്തുന്ന ചില തോട്ടങ്ങളില്‍ നാമമാത്രമായി വിളവെടുക്കാറുണ്ട്. എന്നാലും ഈ നാല് മാസങ്ങള്‍ ഏലകൃഷിക്ക് ഉല്‍പാദനമില്ലാത്ത ഓഫ്സീസണാണ്.
ഈവര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഏലം കര്‍ഷകരുടെ കൃഷി പൂര്‍ണമായോ ഭാഗികമായോ ഉണങ്ങിപ്പോയി. ഈ രണ്ട് സാഹചര്യങ്ങളും വിലയിരുത്തി അടുത്തവര്‍ഷം ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് ലേലകേന്ദ്രങ്ങളില്‍ വില ഉയരുന്ന പ്രവണതയാണ്. പുറ്റടി സ്പൈസസ് പാര്‍ക്കില്‍ ചൊവ്വാഴ്ച നടന്ന സൗത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനിയുടെ ഇ-ലേലത്തില്‍ കൂടിയവില 1249 രൂപയും ശരാശരി വില 695.29 രൂപയുമായിരുന്നു.
അന്നുതന്നെ നടന്ന ഹെഡര്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ലേലത്തിലും കൂടിയവില ആയിരത്തിന് മുകളിലായിരുന്നു. രണ്ട് ലേലങ്ങള്‍ക്കുംവേണ്ടി കര്‍ഷകര്‍ പതിച്ച ഏലത്തിന്‍െറ അളവ് 31,292 കിലോയും 36,558 കിലോയുമാണ്. ഒരുമാസം മുമ്പുവരെ ഓരോ ലേലത്തിനും ഒരുലക്ഷം കിലോക്ക് മുകളില്‍ ഏലക്കായ വില്‍പനക്കായി പതിച്ചിരുന്നു. ഉല്‍പാദനത്തിലെ ഇടിവാണ് കൂടുതല്‍ ഏലക്കായ വില്‍പനക്കായി എത്താത്തതിന് കാരണം.
ലേലകേന്ദ്രത്തില്‍ ഏലത്തിന്‍െറ അളവ് കുറഞ്ഞതോടെ വ്യാപാരികളുടെ ഡിമാന്‍ഡ് ഉയര്‍ന്നുതുടങ്ങി. അടുത്തവര്‍ഷം ഉല്‍പാദനം കുറയുമെന്നും വില ഉയരുമെന്നും സൂചനകള്‍ പുറത്തുവന്നതോടെ കഴിയുന്നത്ര ഏലക്കായ് വാങ്ങി സ്റ്റോക് ചെയ്യാനാണ് ഉത്തരേന്ത്യന്‍ വ്യാപാരികളുടെയും ഏജന്‍റുമാരുടെയും നീക്കം. ഇപ്പോഴത്തെ രീതിയില്‍ വില ഉയരുന്ന പ്രവണത തുടര്‍ന്നാല്‍ മേയ് അവസാനത്തോടെ ഏലത്തിന്‍െറ ഉയര്‍ന്ന വില കിലോക്ക് 1500 മുകളിലും ശരാശരി 800-850 രൂപ നിരക്കിലും എത്തുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഇതേതുടര്‍ന്ന് ഏലക്ക സ്റ്റോക്കുള്ള കര്‍ഷകര്‍ ഏലം വില്‍ക്കാതെ പിടിച്ചുവെക്കുകയാണ്. ഇത് മാര്‍ക്കറ്റില്‍ കൂടുതല്‍ ഡിമാന്‍ഡ് ഉയരാനും ഇടയാക്കും.
ഉത്തരേന്ത്യന്‍ വ്യാപാരികളെ ഏലം ഉയര്‍ന്ന വിലക്ക് വാങ്ങുന്നതില്‍നിന്ന് പിന്നോട്ടുവലിക്കുന്ന ഒരു പ്രശ്നവും ഇക്കൂട്ടത്തിലുണ്ട്. വേനലും ഓഫ്സീസണും മൂലം ഇപ്പോള്‍ എത്തുന്ന ഏലക്കായുടെ വലിപ്പവും ഗുണനിലവാരവും മോശമാണെന്നതാണ് അത്. വേനലായതിനാല്‍ ഏലക്കായുടെ വലിപ്പക്കുറവും ശരിയായി മൂപ്പത്തെുന്നതിന് മുമ്പ് വിളവെടുത്തതും ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്. ഇതുമൂലം കൂടുതല്‍ ഏലക്കായ് വാങ്ങി സ്റ്റോക് ചെയ്യുന്നത് വില്‍പനയെ ബാധിക്കുമെന്ന ഭീതി കച്ചവടക്കാര്‍ക്കിടയിലുണ്ട്. ആഗസ്റ്റോടെ ഉയര്‍ന്ന ഗുണനിലവാരമുള്ള പുതിയ ഏലക്ക മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങും. ഈ സമയത്താണ് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ ഏലം വാങ്ങി സ്റ്റോക് ചെയ്യുന്നത്.
കഴിഞ്ഞ സീസണ്‍ ആഗസ്റ്റ് ആദ്യവാരം മുതല്‍ ഏലത്തിന്‍െറ ശരാശരി വില 600 രൂപക്ക് താഴെ തന്നെയായിരുന്നു. സെപ്റ്റംബറില്‍ വില വീണ്ടും താഴ്ന്നു. കിലോക്ക് 550-575 രൂപ നിരക്കിലായിരുന്നു കച്ചവടം. ഉയര്‍ന്നവില ഈഘട്ടത്തില്‍ 625 രൂപ വരെ ഉണ്ടായിരുന്നു. പിന്നീട് വില താഴ്ന്ന് 500-550 രൂപ നിരക്കിലും 450-500 രൂപ നിരക്കിലും എത്തിയിരുന്നു. തുടര്‍ന്ന് ഏലം കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടായി. ഈ നഷ്ടത്തിന്‍െറ കാലത്തിന് അറുതിവരുത്തിയാണ് ഇപ്പോള്‍ ഏലംവില ഉയരുന്നത്. ഇത് കര്‍ഷകരില്‍ ആഹ്ളാദത്തിനും ഇടയാക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.