ജെറ്റ് സന്തോഷ് വധം: രണ്ടുപ്രതികള്‍ക്ക് വധശിക്ഷ



തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പകയെതുടര്‍ന്ന് ഗുണ്ടാത്തലവന്‍ ജെറ്റ് സന്തോഷിനെ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്ക് വധശിക്ഷയും അഞ്ചുപേര്‍ക്ക് ജീവപര്യന്തവും. കുപ്രസിദ്ധ ഗുണ്ടകളായ ജാക്കി അനി എന്ന അനില്‍കുമാര്‍, അമ്മക്കൊരു മകനെന്നും സോജുവെന്നും അറിയപ്പെടുന്ന അജിത്കുമാര്‍ എന്നിവരെയാണ് മരണം വരെ തൂക്കിലേറ്റാന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി. ഇന്ദിര ഉത്തരവിട്ടത്. ഇരുവര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ബിനുകുമാര്‍,  സുരേഷ് കുമാര്‍, ഷാജി, ബിജുകുട്ടന്‍, സി.എല്‍. കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിനതടവും 4.75 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.  പിഴത്തുകയില്‍നിന്ന് കൊല്ലപ്പെട്ട സന്തോഷിന്‍െറ മാതാവ് യശോദക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കോവളം സി. സുരേഷ്ചന്ദ്രകുമാറിനെ വിധിന്യായത്തില്‍ പ്രത്യേകം പ്രശംസിച്ചു.
പ്രതികളിലൊരാളായ സുരേഷ്കുമാറിന്‍െറ ഭാര്യ ഉഷയുമായി ജെറ്റ് സന്തോഷ് ബന്ധം പുലര്‍ത്തിയിരുന്നതും നേരത്തേ പ്രതികളുടെ സംഘാംഗമായ  സന്തോഷ് മറ്റൊരു ഗുണ്ടാ സംഘത്തില്‍ ചേര്‍ന്നതിലുമുള്ള വിരോധവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2004 നവംബര്‍ 22ന് സുരേഷ് കുമാറിന്‍െറ വീട്ടില്‍ ഒത്തുകൂടിയ പ്രതികള്‍ സന്തോഷിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി. അടുത്ത ദിവസം കരമന തളിയലിലെ  ബാര്‍ബര്‍ ഷോപ്പിലിരിക്കുകയായിരുന്ന സന്തോഷിനെ പ്രതികള്‍ ആക്രമിച്ച് കീഴ്പെടുത്തിയ ശേഷം കാറില്‍ കയറ്റി വാളിയോട്ടുകോണത്തിനു സമീപത്തെ കുരിശുമുട്ടം സെമിത്തേരിയില്‍ കൊണ്ടുപോയി വെട്ടിയും കുത്തിയും ചവിട്ടിയും പരിക്കേല്‍പ്പിച്ചു.
ആക്രമണത്തില്‍ സന്തോഷിന്‍െറ വലത് കൈയും വലതു കാലും അറ്റുപോയി. ഇരുപത്തിയഞ്ചിലധികം വെട്ടേറ്റ സന്തോഷിനെ അതിലേ വന്ന ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി ആശുപത്രിക്ക് അയച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT