പത്തനംതിട്ടയില്‍ ഇടതു തരംഗമെന്ന് സൂചന

പത്തനംതിട്ട: കഴിഞ്ഞകാലത്തെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ പോളിങ് നിലയില്‍ ഉണ്ടായത് നേരിയ വര്‍ധന മാത്രം. അവസാന നിമിഷം ചിത്രം ആകെ മാറിമറിയുന്ന നിലയായിരുന്നു. എല്‍.ഡി.എഫിന് അനുകൂല തരംഗം ജില്ലയില്‍ ഏറെ പ്രതിഫലിച്ചതായാണ് വോട്ടെടുപ്പിന് ശേഷമുള്ള ഫല സൂചന.
ബി.ഡി.ജെ.എസ്-ബി.ജെ.പി കൂട്ടുകെട്ടായ എന്‍.ഡി.എയുടെ പ്രചാരണം ശക്തമായിരുന്നെങ്കിലും കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അവര്‍ കൈവരിച്ച നേട്ടം മറികടക്കുന്നതിലേക്ക് ഉയര്‍ന്നത് ഇക്കുറി റാന്നിയില്‍ മാത്രമാണ്. മന്ത്രി അടൂര്‍ പ്രകാശ് മത്സരിച്ച കോന്നി ഒഴികെ മറ്റിടങ്ങളില്‍ എല്‍.ഡി.എഫ് തരംഗമുള്ളതായാണ് വോട്ടെടുപ്പിന് ശേഷം ലഭിക്കുന്ന സൂചന. യു.ഡി.എഫിന് ഏറെ പിന്തുണയുള്ള തിരുവല്ലയില്‍ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിച്ച് 15 വര്‍ഷമായി തിരുവല്ലയുടെ എം.എല്‍.എയായിരുന്നത് എല്‍.ഡി.എഫിലെ മാത്യു ടി. തോമസാണ്. കേരള കോണ്‍ഗ്രസിലെ ജോസഫ് എം. പുതുശേരിയാണ് യു.ഡി.എഫിന് വേണ്ടി മത്സരിച്ചത്. ഇത്തവണ യു.ഡി.എഫില്‍ പതിവില്‍ കവിഞ്ഞ ഐക്യമാണുണ്ടായെങ്കിലും എല്‍.ഡി.എഫ് തരംഗത്തെ മറികടക്കാന്‍ കഴിഞ്ഞില്ളെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ തവണ 68.3 ശതമാനമായിരുന്നു ജില്ലയിലെ പോളിങ് ശതമാനം. ഇത്തവണ അത് 71 ശതമാനം കടന്നു. പോളിങ് ഉയര്‍ന്നത് എല്‍.ഡി.എഫിന് ഗുണമാകുമെന്നാണ് സൂചനകള്‍. ജാതി, മത സമവാക്യങ്ങള്‍ മുന്‍കാലത്തേതിനെക്കാള്‍ ജില്ലയില്‍ പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ബി.ഡി.ജെ.എസിന്‍െറ പിന്തുണയോടെ എന്‍.ഡി.എ നടത്തിയ പ്രചാരണങ്ങളാണ് കാരണം. പലയിടത്തും അത് മാറ്റംമറിച്ചിലുകള്‍ വരുത്തി.
ആറന്മുളയില്‍ വിജയസാധ്യതയുണ്ടെന്ന അവകാശവാദവുമായാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മത്സരിച്ചത്. 23,000 വോട്ടാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എം.ടി. രമേശ് ആറന്മുളയില്‍ നേടിയത്.

അതേ നിലവാരം ഇത്തവണയും ആറന്മുളയില്‍ നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ളെന്നാണ് പ്രചാരണ രംഗത്ത് അവസാനം പ്രതിഫലിച്ച ചിത്രം. മാധ്യമ പ്രവര്‍ത്തകയായ  വീണ ജോര്‍ജ് സി.പി.എം ടിക്കറ്റില്‍ മത്സരിച്ച ആറന്മുളയില്‍ സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരുടെ മേല്‍ക്കൈ തകരുന്ന കാഴ്ചയാണ് അവസാനം കാണാനായത്. വലിയ വിവാദങ്ങള്‍ക്കൊടുവില്‍ കോന്നിയില്‍ സീറ്റുറപ്പിച്ച മന്ത്രി അടൂര്‍ പ്രകാശിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന കളങ്കിതന്‍ എന്ന ആരോപണം ആയുധമാക്കിയാണ് സി.പി.എമ്മിലെ ആര്‍. സനല്‍കുമാര്‍ മത്സരിച്ചത്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം അടൂര്‍ പ്രകാശിനെതിരെ തിരിഞ്ഞിരുന്നു. എങ്കിലും അവിടെ എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസം പുലര്‍ത്തുന്നില്ല.

റാന്നിയെ മൂന്നു തവണയായി സി.പി.എമ്മിലെ രാജു എബ്രഹാമാണ് നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്. കോണ്‍ഗ്രസിലെ മറിയാമ്മ ചെറിയാനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. എസ്.എന്‍.ഡി.പി പത്തനംതിട്ട യൂനിയന്‍ ചെയര്‍മാന്‍ കെ. പത്മകുമാര്‍ ബി.ഡി.ജെ.എസിന്‍െറ സ്ഥാനാര്‍ഥിയായി ശക്തമായ പ്രചാരണം നടത്തി.
അത് ഇടതുമുന്നണിക്ക് അനുകൂലമായ മത ന്യൂനപക്ഷ ഏകീകരണത്തിന് കാരണമായി. സംവരണ മണ്ഡലമായ അടൂരില്‍ തുടക്കം മുതല്‍ ചിറ്റയം ഗോപകുമാറിനുണ്ടായിരുന്ന മേല്‍ക്കൈ മറികടക്കാന്‍ ഷാജുവിന് കഴിഞ്ഞിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.