വിദേശഭാഷാ സര്‍വകലാശാല: ഉത്തരവിറക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ ഭാഷാ സര്‍വകലാശാല സ്ഥാപിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തില്‍ ഉത്തരവിറക്കാതെ വീഴ്ച വരുത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ കത്ത്. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കണമെന്നുമാണ് മൂന്നാഴ്ച മുമ്പ് കൈമാറിയ കത്തില്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറ ശിപാര്‍ശയില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് നേരത്തേ മന്ത്രിയും ചീഫ്സെക്രട്ടറിയായിരുന്ന ജിജിതോംസണും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറ ചുമതലയുള്ള അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാമും തമ്മില്‍ ഫയല്‍ യുദ്ധം നടന്നിരുന്നു. അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനെതിരെ ചീഫ്സെക്രട്ടറിയും അഡീഷനല്‍ ചീഫ്സെക്രട്ടറിയും കടുത്ത വിമര്‍ശങ്ങളാണ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നത്. ഒടുവിലാണ് ഫയല്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നത്. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ അറബിക് സര്‍വകലാശാലക്ക് പകരം വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലയാള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ. ജയകുമാറിനെ സ്പെഷല്‍ ഓഫിസറായും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.തീരുമാനത്തില്‍ ഉത്തരവിറക്കാന്‍ ഫയല്‍ ഫെബ്രുവരി 19ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറിക്ക് കൈമാറി. മന്ത്രിസഭാ കുറിപ്പില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാനാണ് നിര്‍ദേശമെന്നും തീരുമാനമെടുത്തത് വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാനാണെന്നുമുള്ള സാങ്കേതിക ന്യായം നിരത്തി ഫയലില്‍ ഉത്തരവിറക്കിയില്ല.

മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് വ്യക്തത നല്‍കിയെങ്കിലും ഫയല്‍ പിന്നീട് ആഴ്ചകളോളം പൂഴ്ത്തി. അപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുകയും പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാവുകയും ചെയ്തു.  തീരുമാനത്തില്‍ ഉത്തരവിറങ്ങാത്തത് മാധ്യമ വാര്‍ത്തയായതോടെ മാര്‍ച്ച് 13ന് ഫയല്‍  അഡീഷനല്‍ ചീഫ്സെക്രട്ടറി സെക്ഷനിലേക്ക് കൈമാറി.  ഉത്തരവിറക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ടെന്നും പെരുമാറ്റച്ചട്ടം പിന്‍വലിച്ച ശേഷം ഉത്തരവിറക്കിയാല്‍ മതിയെന്ന് കമീഷന്‍ നിര്‍ദേശിച്ചതായും രേഖപ്പെടുത്തിയായിരുന്നു ഫയല്‍ സെക്ഷനിലേക്ക് കൈമാറിയത്. ഈ ഫയല്‍  വിദ്യാഭ്യാസ മന്ത്രി വിളിപ്പിച്ചു.

ഫയല്‍ പരിശോധിച്ച ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശമടങ്ങിയ പ്രത്യേക കത്ത് സഹിതം ഫയല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രിസഭായോഗ തീരുമാനത്തില്‍ ഉത്തരവിറക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി ഖേദകരമാണെന്ന് മന്ത്രിയുടെ കത്തില്‍ പറയുന്നു. മന്ത്രിസഭാ തീരുമാനത്തില്‍ 48 മണിക്കൂറിനകം ഉത്തരവിറക്കണമെന്നാണ് ചട്ടം. ചട്ടങ്ങള്‍ നിലനില്‍ക്കെ ഉന്നത ശീര്‍ഷരായ ഉദ്യോഗസ്ഥര്‍തന്നെ ഇത് ലംഘിച്ചിരിക്കുകയാണ്.മാതൃക കാണിക്കേണ്ട ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് നിര്‍ദേശം നല്‍കണമെന്നും മന്ത്രിയുടെ കത്തില്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.