കൊട്ടിക്കയറി ആവേശം; പലയിടത്തും സംഘര്‍ഷം

തിരുവന്തപുരം: കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം. തിരുവനന്തപുരം ബാലരാമപുരത്ത് സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. കാട്ടാക്കടയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്കേറ്റു. ആറ്റിങ്ങല്‍ പോങ്ങനാട്ട് കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പാറശ്ശാലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കാര്‍ സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. വെമ്പായം, വെഞ്ഞാറമൂട് ഭാഗങ്ങളിലും വാക്കേറ്റമുണ്ടായി.  
കൊല്ലം പത്തനാപുരത്ത് സംഘര്‍ഷത്തില്‍ എസ്.ഐക്കും കെ.എസ്.യു പ്രവര്‍ത്തകനും മര്‍ദനമേറ്റു. ആലുവയില്‍ കൊട്ടിക്കലാശത്തിനിടെ മാധ്യമം ലേഖകന്‍ യാസര്‍ അഹമ്മദിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.  അങ്കമാലിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഇടയിലൂടെ കടന്നുപോയ ലോറിയില്‍ കൊടികെട്ടാനുള്ള ശ്രമം മറുഭാഗം അനുകരിച്ചപ്പോള്‍ വടി എതിര്‍ പാര്‍ട്ടിക്കാരന്‍െറ ശരീരത്തില്‍ കൊണ്ടത് സംഘര്‍ഷത്തിന് വഴിവെച്ചു. സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര സേനാംഗങ്ങള്‍ ലാത്തി വീശി ഓടിച്ചു. ഓട്ടത്തിനിടെ വീണും മറ്റും 25ഓളം പേര്‍ക്ക് പരിക്കേറ്റു.  നോട്ടീസ് വിതരണവുമായി ബന്ധപ്പെട്ട് കൊച്ചി മണ്ഡലത്തില്‍ പ്രശ്നങ്ങളുണ്ടായി. കൊടുങ്ങല്ലൂരില്‍ നഗരസഭാ ചെയര്‍മാന്‍ സി.പി.ഐയിലെ സി.സി. വിപിന്‍ ചന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് ഇടതുമുന്നണി പ്രവര്‍ത്തകരും നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിക്കേറ്റ് ആശുപത്രിയിലായി.
ഓരോ മുന്നണിക്കും കലാശക്കൊട്ടിന് പൊലീസ് പ്രത്യേകം സ്ഥലം അനുവദിച്ചിരുന്നത് മറികടന്നുള്ള പ്രകടനവും ഇതേച്ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതുമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
വടക്കാഞ്ചേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കരക്കുനേരെ ചെരിപ്പെറിഞ്ഞെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എല്‍.ഡി.എഫിന് അനുവദിച്ച സ്ഥലത്തേക്ക് യു.ഡി.എഫ് പ്രകടനം വന്നതാണ് തര്‍ക്കത്തിന് വഴിവെച്ചത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കരയും കൂട്ടരും സ്റ്റേഷനില്‍ കുത്തിയിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.