പുറ്റിങ്ങല്‍ ക്ഷേത്രത്തിന്‍െറ മൂലസ്ഥാനം തകര്‍ക്കപ്പെട്ടു

പരവൂര്‍: 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ  മൂലസ്ഥാനം തിങ്കളാഴ്ച രാത്രി തകര്‍ക്കപ്പെട്ടു. ഭക്തര്‍ വളരെ പവിത്രമായി കരുതുന്നതാണ് മൂലസ്ഥാനം. വെടിക്കെട്ടപകടത്തിനു ശേഷം 24 മണിക്കൂറും പൊലീസ് കാവലുള്ളപ്പോള്‍ മൂലസ്ഥാനം തകര്‍ക്കപ്പെട്ടത് ജനങ്ങളെ ഞെട്ടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പരവൂരില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തും.

വിധിപ്രകാരം ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠ നടത്തി ആരാധന നടത്തുന്നതിനൊപ്പം മൂലസ്ഥാനവും നൂറ്റാണ്ടുകളായി സംരക്ഷിച്ച് ആരാധന നടത്തിപ്പോരുന്നതാണ്. പുറ്റില്‍നിന്ന് ദേവിയെ കണ്ടെടുത്തതിനാലാണ് പുറ്റിങ്ങല്‍ എന്ന പേര് വന്നതെന്നും ഐതിഹ്യപ്പെരുമയുണ്ട്. ഇവിടെയുള്ള ചിതല്‍പ്പുറ്റ് കാലങ്ങളായി ഭക്തരുടെ വിശ്വാസത്തിന് ശക്തി പകരുന്നതാണ്. തുറന്നുകിടന്നിരുന്ന മൂലസ്ഥാനത്തിന് ഇത്തവണത്തെ ഉത്സവത്തിന് തൊട്ടുമുമ്പാണ് ചുറ്റുമതില്‍ കെട്ടിയത്. ഇവിടെ ചുറ്റുമതില്‍ നിര്‍മിക്കുന്നത് ആചാരത്തിനുവിരുദ്ധമാണെന്നും തുറന്നുതന്നെ കിടക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. വെടിക്കെട്ടപകടത്തത്തെുടര്‍ന്ന് മൂലസ്ഥാനത്തിന്‍െറ ചുറ്റുമതിലിന് നിസ്സാര കേടുപാടുകള്‍ സംഭവിച്ചിരുന്നു. പൂര്‍ണമായും കൃഷ്ണശിലയില്‍ നിര്‍മിച്ചതാണ് മതില്‍.

പുറത്തുനിന്ന് നോക്കിയാല്‍ അകത്തെ ചിതല്‍പ്പുറ്റ് വ്യക്തമായി കാണാന്‍ കഴിയും വിധമാണ് നിര്‍മാണം. ഇതിന്‍െറ മുകള്‍ഭാഗത്ത് ഉറപ്പിച്ചിരുന്ന ശിലകളില്‍ ഒരെണ്ണം മാത്രമാണ് സ്ഫോടനം നടന്ന ദിവസം ഇളകിവീണത്. മുന്‍ഭാഗത്തെ ശിലകള്‍ പൂര്‍ണമായും പിറകുവശത്തേത് ഭാഗികമായും തകര്‍ത്തനിലയിലാണ്. സ്ഫോടനത്തില്‍ തകര്‍ന്ന തെക്കേ കമ്പപ്പുരക്ക് വടക്കു ഭാഗത്താണ് മൂലസ്ഥാനം. ക്ഷേത്രപ്പറമ്പിന്‍െറ വടക്കുവശത്തും തെക്കുവശത്തുമാണ് പൊലീസ് കാവലുള്ളത്. പൊലീസിന്‍െറ ടെന്‍റ് സ്ഥിതിചെയ്യുന്നതിന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് തകര്‍ക്കപ്പെട്ട മൂലസ്ഥാനം. ഒന്നും അറിഞ്ഞില്ളെന്നാണ് കാവലുണ്ടായിരുന്ന പൊലീസുകാര്‍ പറയുന്നത്. മതില്‍ തകര്‍ക്കാന്‍ കമ്പിപ്പാരയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.

തിങ്കളാഴ്ച രാത്രി ഇവിടെ മഴ പെയ്തിരുന്നു. ഇതിനുശേഷം ഏറെനേരം പ്രദേശത്ത് വൈദ്യുതിയില്ലായിരുന്നു. ഈ സമയത്താകാം മൂലസ്ഥാനം തകര്‍ക്കപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. കേസ് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണോ എന്നും സംശയമുണ്ട്. വെടിക്കെട്ടപകടം നടന്ന് ഒരു മാസം തികഞ്ഞ ദിവസമാണ് മൂലസ്ഥാനം തകര്‍ക്കപ്പെട്ടത്.

പ്രതികള്‍ 23 വരെ റിമാന്‍ഡില്‍

പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ 44 പ്രതികളെയും ചൊവ്വാഴ്ച പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ക്ഷേത്ര ഭാരവാഹികളും കമ്പക്കെട്ടുകാരുമടക്കമുള്ള മുഴുവന്‍പേരെയും ഈ മാസം 23വരെ റിമാന്‍ഡ് ചെയ്തു. രാവിലെ 11ഓടെയാണ് ഇവരെ ഹാജരാക്കിയത്. അതിനിടെ ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞു. തിരുവനന്തപുരം കല്ലറ പാങ്ങോട് മൂന്നുമുക്ക് തടത്തിരഴികത്ത് വീട്ടില്‍ നടേശന്‍െറ (65) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ക്വാറി തൊഴിലാളിയായ ഇയാള്‍ ഒറ്റയ്ക്കാണ് കമ്പം കാണാനത്തെിയത്. കാണാതായതിനത്തെുടര്‍ന്ന് ബന്ധുക്കള്‍ പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യ: ലീല. മക്കള്‍: ലെനിന്‍, ലേഖ, രജിത, ദീപു. മരുമക്കള്‍: ഗീത, മധു, ഉണ്ണി. മകന്‍ ലെനിന്‍െറ രക്ത സാമ്പ്ള്‍ ഉപയോഗിച്ചു നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.