ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് നടത്താനിരുന്ന കേരള സന്ദർശനം റദ്ദാക്കി. കടുത്ത പനിമൂലം അടുത്ത രണ്ടു ദിവസം പൂർണമായി വിശ്രമിക്കാനാണ് ഡോകടർ നൽകിയിരിക്കുന്ന നിർദേശം. ഇതുമൂലമാണ് സന്ദർശനം റദ്ദാക്കുന്നതെന്ന് രാഹുലിന്‍റെ ഓഫിസ് അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. സന്ദർശനം റദ്ദാക്കിയതിൽ മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങളോട് ക്ഷമാപണം നടത്തുന്നതായി രാഹുൽ ട്വീറ്റ് ചെയ്തു.
അതേസമയം, വധഭീഷണി ലഭിച്ചതിനാൽ പാർട്ടി നിർദേശത്തെത്തുടർന്നാണ് സന്ദർശനം മാറ്റിവച്ചതെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇന്ന് പുതുച്ചേരിയിലെത്തുമ്പോൾ രാഹുലിനെ വകവരുത്തുമെന്ന് പറയുന്ന കത്ത് പുതുച്ചേരിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വി.നാരായണസ്വാമിക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിന്‍റെ സുരക്ഷ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധിസംഘം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു. രാഹുലിന്‍റെ സുരക്ഷ ശക്തിപ്പെടുത്താൻ ആഭ്യന്തരമന്ത്രി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.