കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ട് രാജ്യസഭയില്‍


ന്യൂഡല്‍ഹി: ദളിത് നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സന്ദര്‍ശിച്ച കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ട് തന്‍െറ റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചു. കേരള സര്‍ക്കാറിന്‍െറയും പോലീസിന്‍െറയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു.
തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ജിഷയുടെ മാതാവ് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചുവെന്നും തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ ഇത്തരം കേസുകള്‍ ഡെപ്യുട്ടി കമീണറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന നിയമം ലംഘിക്കപ്പെട്ടതായും കേസ് വിവാദമായപ്പോള്‍ മാത്രമാണ് ഉന്നത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പെരുമ്പാവൂര്‍ കേസില്‍ നിരവധി ദുരൂഹതകളുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു. ജിഷയുടെ മൃതദേഹം കണ്ടത് അമ്മയാണ്. പിന്നീട് അമ്മയെ പോലീസ്  ആശുപത്രിയിലാക്കി . മകള്‍ക്ക് അന്തോപചാരം അര്‍പ്പിക്കാന്‍ പോലും ഈ അമ്മക്ക് ഇതുമൂലം കഴിഞ്ഞില്ല.  ആദ്യം കൊലപാതകത്തിന് മാത്രം കേസെടുത്ത പോലീസ് മാനഭംഗത്തിന് പിന്നീടാണ് കേസെടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.