പ്രതിഷേധത്തില്‍ പെരുമ്പാവൂര്‍ സ്തംഭിച്ചു

പെരുമ്പാവൂര്‍: കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകള്‍ പെരുമ്പാവൂരില്‍ നടത്തിയ പ്രതിഷേധം നഗരത്തെ സ്തംഭിപ്പിച്ചു. അക്രമാസക്തരായ പ്രകടനക്കാര്‍ പൊലീസുകാരനെ മര്‍ദിച്ചു. പൊലീസ് വാഹനവും തകര്‍ത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം നിയന്ത്രിക്കാന്‍ പൊലീസിന് ബലപ്രയോഗവും വേണ്ടിവന്നു. രാവിലെ സാംബവസഭ നടത്തിയ പ്രകടനത്തിനിടെയാണ് പൊലീസുകാരന് മര്‍ദനമേറ്റത്. വൈകുന്നേരം കെ.പി.എം.എസിന്‍െറ പ്രകടനം കടന്നുപോകുമ്പോള്‍ കാലടി കവലയില്‍ പൊലീസ് ജീപ്പ് തകര്‍ത്തു. സംഘര്‍ഷവും പ്രതിഷേധവുംമൂലം മണിക്കൂറുകളോളം നഗരം സ്തംഭനാവസ്ഥയിലായി. രാവിലെ പത്തോടെ കേരള സാംബവസഭയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ പ്രവര്‍ത്തകര്‍ പട്ടണത്തില്‍ പ്രകടനം നടത്തി. താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിന് സമീപത്ത് എത്തിയപ്പോള്‍ വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്ന ട്രാഫിക് പൊലീസുകാരനാണ് മര്‍ദനമേറ്റത്. വാഹനങ്ങള്‍ കടന്നുപോകാന്‍ പൊലീസുകാരന്‍ ജാഥ തടഞ്ഞതില്‍ പ്രകോപിച്ചാണ് ഇയാളെ പ്രകടനക്കാര്‍ മര്‍ദിച്ചത്. രാവിലെ കെ.പി.എം.എസ് ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ച് നടത്തിയിരുന്നു.
വൈകുന്നേരം കേരള പുലയര്‍ മഹാസഭ വനിതാ വിഭാഗം പ്രവര്‍ത്തകര്‍ പട്ടണത്തില്‍ പ്രകടനം നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.