കലക്ടര്‍ എന്ന നിലയില്‍ ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍െറ ജീവിതം

കോഴിക്കോട്: ഭരണാധികാരി എന്നതിനെക്കാള്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസമായിരിക്കും മുന്‍ കലക്ടര്‍ നിര്യാതനായ യു.കെ.എസ്. ചൗഹാന് കോഴിക്കോട് നല്‍കുക. 1986 ബാച്ചില്‍ കേരള കേഡറില്‍ ഐ.എ.എസ് ലഭിച്ചപ്പോള്‍ മസൂറിയിലെ പരിശീലന കാലത്താണ് മലയാളം എന്നൊരു ഭാഷയെക്കുറിച്ച് കേട്ടത്. കവിയും സാഹിത്യകാരനുമായ അദ്ദേഹത്തിന് കേരളത്തില്‍ നിയമനം ലഭിച്ചപ്പോള്‍ അത് രണ്ടു ഭാഷകള്‍ തമ്മിലുള്ള ഉഭയബന്ധമായി വളര്‍ന്നു.

കോഴിക്കോട് കലക്ടര്‍ എന്ന നിലയില്‍ 1994 ഡിസംബര്‍ 12 മുതല്‍ 97 മാര്‍ച്ച് ഒന്നുവരെയുള്ള കാലയളവില്‍ ഇന്നും അദ്ദേഹം സ്മരിക്കപ്പെടുന്നത്, ബാക്കിവെച്ച സാംസ്കാരിക മുദ്രകളാണ്. ലോകപ്രശസ്തരായ സാഹിത്യകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും സത്യത്തിന്‍െറ നഗരത്തിലത്തെിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.

കോഴിക്കോടന്‍ കലാഭൂപടത്തിന്‍െറ പ്രതീകമായിരുന്ന മലബാര്‍ മഹോത്സവത്തിലേക്ക് ആദ്യമായി ഒരു പ്രധാനമന്ത്രിയെ മുഖ്യാതിഥിയായി എത്തിച്ചതും ചൗഹാനാണ്. അന്ന് എച്ച്.ഡി. ദേവഗൗഡയെ കൊണ്ടുവന്നതും പരിപാടിയുടെ നടത്തിപ്പിന്‍െറ പൊലിമ കൂട്ടിയതും കോഴിക്കോട്ടുകാര്‍ ഓര്‍ക്കുന്നു. സ്വാതന്ത്ര്യസമര നായകനായിരുന്ന മൊയ്തു മൗലവിക്ക് സ്വന്തം നാട്ടില്‍ ഉചിതമായ സ്മാരകം വേണമെന്ന് തിരിച്ചറിഞ്ഞ് അതിന് തറക്കല്ലിട്ടു. മാനാഞ്ചിറ പബ്ളിക് ലൈബ്രറി എന്ന ആശയത്തെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ തുടക്കമിട്ടതും അദ്ദേഹമാണ്. ഇത്തരത്തില്‍ സാഹിത്യത്തിനും ചരിത്രത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം അവിസ്മരണീയമാണ്.

മലബാര്‍ മഹോത്സവത്തോടനുബന്ധിച്ച് പ്രശസ്ത ഗസല്‍ ഗായകന്‍ ജഗജിത് സിങ്ങിനെ കോഴിക്കോട് കടപ്പുറത്ത് പാടിപ്പിച്ചതും പ്രമുഖ ചിത്രകാരന്‍ എം.എഫ്. ഹുസൈനെ മലബാറിലേക്ക് ക്ഷണിച്ചതും യു.കെ.എസ്. ചൗഹാന്‍െറ ഭരണകാലത്തായിരുന്നു. സ്വാതന്ത്ര്യ സമരവും മലബാര്‍ ചരിത്രവും കൂട്ടിക്കലര്‍ത്തി നാടകകാരന്‍ തിക്കോടിയന്‍െറ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ വേദികളിലായി നടന്ന ‘സത്യമേവ ജയതേ’ എന്ന സംഗീത നാടക പരിപാടിയും ചൗഹാന്‍ ‘ടച്ചു’ള്ളതായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രശസ്തമായ സാന്ത്വന ചികിത്സക്ക് തുടക്കമിട്ടതും ആ ഭരണകാലത്തായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പരമ്പരാഗത ആയോധനമുറകളുടെ സംഗമം ഒരുക്കിയതും ലഖ്നോ സ്വദേശിയായ ചൗഹാന്‍െറ നേതൃത്വത്തിലായിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ കോളജ് ഗെയിംസിന് ജില്ല വേദിയായതും സ്പോട്സ് ഡയറക്ടര്‍ കൂടിയായിരുന്ന അദ്ദേഹത്തിന്‍െറ താല്‍പര്യത്തിലായിരുന്നു.

1987ല്‍ കോട്ടയം അസി. കലക്ടറായി സംസ്ഥാനത്തത്തെിയ ചൗഹാന്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ കലക്ടറായും നാഫെഡ് മാനേജിങ് ഡയറക്ടര്‍, ടൂറിസം ഡയറക്ടര്‍, പൊതുഭരണവകുപ്പ് സെക്രട്ടറി, സ്പോര്‍ട്സ് യുവജനകാര്യ സെക്രട്ടറി എന്നീ തസ്തികകളില്‍ മലയാളത്തിനൊപ്പം ജീവിച്ചു. മലയാളത്തിന്‍െറ പ്രമുഖ കവികളായ ജി. ശങ്കരകുറുപ്പിന്‍െറയും സുഗതകുമാരിയുടെയും അക്കിത്തത്തിന്‍െറയുമടക്കം 20ല്‍പരം കവിതകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റി. മലയാളം ഇത്രയും അനായാസം കൈകാര്യംചെയ്യുന്ന ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥരെ പരിചയമില്ളെന്നാണ് ചൗഹാന്‍െറ പഴയ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത്. മലയാളത്തിലും ഏതാനും കവിതകള്‍ എഴുതി പുസ്തകമായി പ്രസിദ്ധീകരിച്ചതായും നെഹ്റു യുവകേന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അനില്‍ ഓര്‍ക്കുന്നു. രാമദാസ് വൈദ്യരുടെ തെങ്ങുകയറ്റ കോളജ് ഉദ്ഘാടനത്തിനായി കലക്ടറേറ്റ് ബംഗ്ളാവിലെ തെങ്ങില്‍ കയറി പരിശീലനം നടത്തിയതും അദ്ദേഹം ഓര്‍ക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.