ഏരുവേശ്ശി കള്ളവോട്ട് കേസ്:വനിതകളുടെ വോട്ട് ചെയ്ത പുരുഷന്മാരെ വലയിലാക്കാന്‍ പൊലീസ് നീക്കം തുടങ്ങി


ശ്രീകണ്ഠപുരം: സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച കള്ളവോട്ട് കേസിന്‍െറ അന്വേഷണം നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും കുഴക്കുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും കള്ളവോട്ട് വിവാദങ്ങള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇത്ര കര്‍ശനമായി കേസും അന്വേഷണവും നടന്നത് ആദ്യമായാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏരുവേശ്ശി കെ.കെ.എന്‍.എം എ.യു.പി സ്കൂളിലെ 109ാം നമ്പര്‍ ബൂത്തില്‍ 59 കള്ളവോട്ടുകള്‍ ചെയ്തതായി ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോസഫ് കൊട്ടുകാപള്ളി കോടതിയെ സമീപിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍ അറസ്റ്റിലായി.

14 സ്ത്രീകളുടെയും വോട്ടുകള്‍ ചെയ്ത പുരുഷന്മാരെ കണ്ടത്തൊന്‍ കുടിയാന്മല പൊലീസ് ശ്രമം തുടങ്ങി. പോളിങ് സ്റ്റേഷനകത്ത് കാമറ ഉണ്ടായിരുന്നുവെന്നതിനാല്‍ പൊലീസ് കാമറ പരിശോധിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കാമറ പലപ്പോഴും ഓഫാക്കി വെച്ചതായും കള്ളവോട്ടിന് സൗകര്യമൊരുക്കാനായിരുന്നു ഇതെന്നും സൂചനയുണ്ട്. കള്ളവോട്ട് ചെയ്ത ആളുകളെ കണ്ടത്തെുക പ്രയാസകരമാണെങ്കിലും പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പരാതിക്കാരന്‍ നല്‍കിയ ഇരുപതോളം പേരുകള്‍ പ്രതിചേര്‍ക്കണമെങ്കില്‍ അതിന് കൃത്യമായ തെളിവുകള്‍ വേണമെന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. എങ്കിലും സ്ത്രീകളുടെ 14 വോട്ടുകള്‍ ചെയ്ത പുരുഷന്മാരെയും മറ്റും ഉടന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വലയിലാക്കുമെന്നാണ് അന്വേഷണസംഘം പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.