മറയൂര്‍ ചന്ദനക്കൊള്ള: സി.ബി.ഐ കളിച്ചു; സര്‍ക്കാര്‍ തടിയൂരി

പാലക്കാട്: മറയൂര്‍ വനമേഖലയില്‍നിന്ന് പലപ്പോഴായി 1000 കോടി രൂപയുടെ ചന്ദനമരങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തിലെ സി.ബി.ഐ അന്വേഷണം പ്രഹസനമാണെന്ന് വനംവകുപ്പ് കണ്ടത്തെി. തുടര്‍നടപടി എടുക്കുന്നതിന് പകരം രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന്, വിരമിച്ച ഒരാളടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനുത്തരവിട്ട് സര്‍ക്കാര്‍ തടിയൂരി. പ്രായോഗികമല്ളെന്ന് ഉറപ്പായ ഈ അന്വേഷണമാകട്ടെ ഇതുവരെ ആരംഭിച്ചിട്ടില്ല.


പത്തുവര്‍ഷം മുമ്പ് മറയൂരില്‍ വിവിധ ഘട്ടങ്ങളിലായി അരങ്ങേറിയ വന്‍ ചന്ദനക്കൊള്ള സംബന്ധിച്ച് ഗോകുല്‍ പ്രസാദ് എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മറയൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിലെ ഒ.ആര്‍ 9/08 നമ്പര്‍ കേസിനെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. എന്നാല്‍, ഇതിനുപകരം 2005 ജനുവരി 13ന് വാളയാറിലെ ഒരു ചന്ദനഫാക്ടറിയില്‍ നടന്ന റെയ്ഡ് അടിസ്ഥാനമാക്കിയാണ് സി.ബി.ഐ അന്വേഷണമുണ്ടായത്. വന്‍കിട ലോബിക്ക് ഉറ്റബന്ധമുള്ള മറയൂര്‍ ചന്ദനക്കൊള്ള വഴിതിരിച്ചുവിടേണ്ടതാവശ്യമായ ചിലരുടെ ഇടപെടലാണ് വാളയാര്‍ റെയ്ഡില്‍ അന്വേഷണം ഒതുക്കാന്‍ കാരണമായതത്രെ.

2005 ജനുവരി 12ന് ദേവികുളം റെയ്ഞ്ചില്‍ ആറ് കിലോ ചന്ദനവുമായി അറസ്റ്റിലായ ജയറാം എന്നയാളില്‍നിന്ന് ലഭിച്ചതായി പറയുന്ന മൊഴിപ്രകാരമായിരുന്നു വാളയാറിലെ റെയ്ഡ്. ദേവികുളം റെയ്ഞ്ച് ഓഫിസറും സംഘവും നേരിട്ടത്തെി, പാലക്കാട്ടെ വനംവകുപ്പ് അധികൃതരെ സഹകരിപ്പിക്കാതെയാണ് റെയ്ഡ് നടത്തിയത്. ഇതില്‍ ഫാക്ടറിക്കുള്ളില്‍നിന്ന് ചിലത് കണ്ടെടുക്കുകയും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒരാളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഇതുപ്രകാരം പിരിച്ചുവിടപ്പെട്ട ഷണ്‍മുഖന്‍ നല്‍കിയ പരാതിയെതുടര്‍ന്ന് അന്വേഷണം നടത്തിയ പാലക്കാട് ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ വാളയാര്‍ റെയ്ഡിനെതിരായ റിപ്പോര്‍ട്ടാണ് നല്‍കിയത്. പാലക്കാട്ടെ ഉദ്യോഗസ്ഥരെ വേണ്ടവിധത്തില്‍ സഹകരിപ്പിക്കാതെ മറയൂരില്‍ നിന്നുള്ളവര്‍ നടത്തിയ റെയ്ഡ് വ്യാജമാണെന്ന പരാമര്‍ശവും ഫ്ളയിങ് സ്ക്വാഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, വനംവകുപ്പിലെ ചില ഉന്നതര്‍ സി.ബി.ഐയെ സ്വാധീനിച്ച് ഫ്ളയിങ് സ്ക്വാഡിനെതിരെ രംഗത്തുവന്നു. സി.ബി.ഐ അന്വേഷണത്തില്‍ ഫ്ളയിങ് സ്ക്വാഡ് റിപ്പോര്‍ട്ട് ശരിയല്ളെന്ന നിഗമനമുണ്ടാവുകയും ചെയ്തു. വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഫ്ളയിങ് സ്ക്വാഡിലെ ഒരാള്‍ക്കുമെതിരെ നടപടിവേണമെന്നും ശിപാര്‍ശയുണ്ടായിരുന്നു.

തുടര്‍നടപടികളുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് അന്നത്തെ വനംവകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ഇപ്പോള്‍ വനംവകുപ്പ് മേധാവിയുമായ ബി.എസ്. കോറിയുടെ നേതൃത്വത്തില്‍ വാളയാര്‍ റെയ്ഡിനെക്കുറിച്ചും ഫ്ളയിങ് സ്ക്വാഡ് റിപ്പോര്‍ട്ടിനെക്കുറിച്ചും വിശദറിപ്പോര്‍ട്ട് നല്‍കിയത്. ലഭ്യമായ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ട്. സി.ബി.ഐയുടെ നിലപാടുകളത്രയും ചോദ്യം ചെയ്ത ഈ റിപ്പോര്‍ട്ടില്‍ ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്ഷേപങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തി.

സി.ബി.ഐ നിഗമനം തള്ളിയുള്ള റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ ചന്ദനക്കവര്‍ച്ചയുമായി ബന്ധമുള്ളവരുടെ അപ്രീതി ഉറപ്പാകുമെന്നതിനാല്‍ റിപ്പോര്‍ട്ട് മരവിപ്പിക്കണമെന്നായിരുന്നു ചിലരുടെ നിലപാട്. ഫയല്‍ തീര്‍പ്പാക്കുന്നതിന്‍െറ ഭാഗമായി ഫ്ളയിങ് സ്ക്വാഡിലെ ചിലര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഈ സാഹചര്യത്തിലാണ്. ഇതിന്‍െറ ഭാഗമായാണ് സര്‍വിസില്‍നിന്ന് വിരമിച്ച ഒരു ഡി.എഫ്.ഒക്കും ഇപ്പോള്‍ അസി. കണ്‍സര്‍വേറ്ററായി ജോലി നോക്കുന്ന മറ്റൊരാള്‍ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് തീരുമാനമായത്. അതോറിറ്റിയായി നിയമിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവില്‍ ഇനിയും നടപടി തുടങ്ങിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.