കൊച്ചി: കൃഷിക്ക് ഉപയോഗിക്കാനാകാത്ത വിധത്തില്‍ രൂപമാറ്റം വരുത്തിയ ഭൂമി ക്രമപ്പെടുത്താന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനം കൂടി ലക്ഷ്യമിട്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. രൂപമാറ്റം ക്രമപ്പെടുത്തുന്നതിന്‍െറ പേരില്‍ ക്രമക്കേടുകള്‍ നടക്കുന്നത് തടയാന്‍കൂടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്.
നെല്‍വയലുകളുടെ ക്രമപ്പെടുത്തല്‍ പുതിയ ഭേദഗതിയിലൂടെ ആദ്യമായി നിലവില്‍വന്നതല്ലെന്നും പ്രധാന നിയമത്തില്‍തന്നെ ഇതിന് വ്യവസ്ഥയുണ്ടെന്നും റവന്യൂ അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മത്തേ ഹൈകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നു. 2008നുമുമ്പ് നികത്തിയ നെല്‍വയലുകള്‍ ക്രമപ്പെടുത്താന്‍ റവന്യൂ വകുപ്പ് ഇറക്കിയ ചട്ടഭേദഗതി ചോദ്യംചെയ്ത് തിരുവാങ്കുളം നേച്ചര്‍ ലവേഴ്സ് ഫോറം നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്‍െറ വിശദീകരണം.
2008നുമുമ്പ് നികത്തിയ നെല്‍പാടങ്ങള്‍ മറ്റ് ആവശ്യത്തിന് ഉപയോഗിക്കാന്‍ ഭൂമിയുടെ 25 ശതമാനം ന്യായവില ഈടാക്കി അനുമതി നല്‍കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കുന്നതാണ് 2015 നവംബര്‍ 17ലെ ഭേദഗതി. പുതുതായി നിലം നികത്താനുള്ള അവകാശമോ ബാധ്യതയോ ആര്‍ക്കും നല്‍കിക്കൊണ്ടുള്ളതല്ല ഈ ഭേദഗതിയെന്ന് സര്‍ക്കാറിന്‍െറ സത്യവാങ്മൂലത്തില്‍ പറയുന്നു. തിരിച്ച് പഴയ രൂപത്തിലാക്കാന്‍ പറ്റാത്തവിധം 2008ലെ നിയമം വരുന്നതിനുമുമ്പ് രൂപ മാറ്റം വരുത്തിയ നിലങ്ങളുടെ കാര്യത്തിലാണ് നിയമം ബാധകമാവുക. ഈ നിയമം വരുന്നതിന് മുമ്പേ തന്നെ രൂപമാറ്റം സംഭവിച്ചുകഴിഞ്ഞ ഭൂമിയെന്നനിലയില്‍ പുതിയ ഭേദഗതി പരിസ്ഥിതി പ്രശ്നങ്ങള്‍ക്കോ പ്രകൃതിമാറ്റങ്ങള്‍ക്കോ ഇടയാക്കുന്നില്ല. 2008ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്‍െറ ലക്ഷ്യങ്ങള്‍ക്ക് ഉള്ളില്‍നിന്നുകൊണ്ടാണ് ഭേദഗതി നടപ്പാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ പരിധിയിലുള്ള നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ഏതെങ്കിലും കേന്ദ്ര നിയമവുമായി ഇത് ഏറ്റുമുട്ടുന്നില്ല. 2008നുമുമ്പ് നികത്തിയ നെല്‍വയലുകള്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി അവശ്യവസ്തു നിയമത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല.
കൃഷിയിടങ്ങളുടെ എല്ലാ രൂപമാറ്റവും ക്രമപ്പെടുത്താനുള്ള അവസരം നല്‍കുകയല്ല ഇതിലൂടെ ചെയ്യുന്നത്. ഇതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഭൂവിനിയോഗ ഓര്‍ഡര്‍ ലംഘിച്ച് അനുമതിയില്ലാതെ നെല്‍വയല്‍ രൂപമാറ്റം വരുത്തിയവര്‍ക്കെതിരെ വിചാരണ നടപടിക്ക് പുതിയ നിയമഭേദഗതി തടസ്സമല്ല. മാത്രമല്ല, ഈ നിയമം വരുന്നതിന് മുമ്പേതന്നെ നികത്തിയ അവസ്ഥയിലുള്ള ഭൂമിയുടെ ഉടമകള്‍ക്കാണ് ഇതിന്‍െറ ആനുകൂല്യം ലഭിക്കുക. നിയമ ഭേദഗതി വരുന്നതിന് മുമ്പേതന്നെ നിയമലംഘകര്‍ക്കെതിരെ ഭൂവിനിയോഗ ഓര്‍ഡര്‍ പ്രകാരം നടപടി സ്വീകരിക്കാന്‍ തടസ്സമുണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസ് ബുധനാഴ്ച പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മാറ്റി. കണ്ണൂര്‍ പത്തന്‍പാറ സ്വദേശി തോമസ് ഉള്‍പ്പെടെ നല്‍കിയ ഹരജികളും ഈ ബെഞ്ച് മുമ്പാകെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.