അനാദരവ്; സി.ആര്‍.പി.എഫ് ജവാന്‍െറ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു

ഹരിപ്പാട്: സി.ആര്‍.പി.എഫ് ജവാന്‍െറ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. വെള്ളക്കെട്ടില്‍ വീണ് മരിച്ച, ചിങ്ങോലി മാങ്കയില്‍ തെക്കതില്‍ അച്ചന്‍കുഞ്ഞിന്‍െറ മകന്‍ അനിലിന്‍െറ (33) മൃതദേഹമാണ് അഴുകിയനിലയില്‍ നാട്ടിലത്തെിച്ചത്. ഛത്തിസ്ഗഢില്‍നിന്ന് വിമാനമാര്‍ഗം ശനിയാഴ്ച ഉച്ചക്ക് 2.45ഓടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം പള്ളിപ്പുറം സൈനിക ക്യാമ്പിലെ ജവാന്മാരാണ് രാത്രി 7.30ന് ഹരിപ്പാട് മാധവ ജങ്ഷനിലുള്ള സ്വകാര്യ മോര്‍ച്ചറിയില്‍ എത്തിച്ചത്. പലകകൊണ്ട് ഉണ്ടാക്കിയ പെട്ടിയില്‍ പ്ളാസ്റ്റിക്കില്‍ പൊതിഞ്ഞ് കൊണ്ടുവന്ന മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പൂര്‍ണമായും വികൃതമായ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. മുഖം അഴുകിവീര്‍ത്ത് കണ്ണുകള്‍ പുറത്തുവന്ന നിലയിലായിരുന്നു. ഇതോടെ, മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
 അനാദരവില്‍ ക്ഷുഭിതരായ ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന്, കലക്ടറോടും ആര്‍.ഡി.ഒയോടും പൊലീസ് അധികാരികള്‍ സംസാരിക്കുകയും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന ഉറപ്പില്‍ സ്വകാര്യ മോര്‍ച്ചറിയില്‍നിന്ന് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഛത്തിസ്ഗഢിലെ ബിലാസ്പൂറില്‍ 24ന് ആയിരുന്നു അപകടം. കൈയില്‍നിന്ന് വെള്ളത്തില്‍ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ഫോണ്‍വഴി ലഭിച്ച വിവരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.