പിണറായിക്ക് ഇന്ന് 72

തിരുവനന്തപുരം: പിണറായി വിജയന് ഇന്ന് 72. രണ്ട് ദശാബ്ദത്തിനുശേഷം പിണറായി വിജയന്‍ സി.പി.എമ്മിന്‍െറ സംഘടനാ നേതൃത്വത്തില്‍നിന്ന് പാര്‍ലമെന്‍ററി രംഗത്തേക്ക് വരുന്ന സാഹചര്യത്തിലാണ്  പിറന്നാള്‍ദിനം കടന്നുവരുന്നത്. സി.പി.എമ്മിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റ് പ്രകാരം 1944 മാര്‍ച്ച് 21നാണ് പിണറായിയുടെ ജനനം. എന്നാല്‍,  മാര്‍ച്ച് 21 അല്ല ജന്മദിനമെന്നും യഥാര്‍ഥ ദിവസം  സസ്പെന്‍സാണെന്നും  70ാം പിറന്നാള്‍ദിനത്തില്‍ അദ്ദേഹം ‘മാധ്യമ’ത്തോട്  പ്രതികരിച്ചിരുന്നു.

24ാം വയസ്സില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും 28ന്‍െറ മൂപ്പില്‍ ജില്ലാ സെക്രട്ടേറിയറ്റിലും എത്തിയ പിണറായിക്ക് പാര്‍ലമെന്‍ററി രംഗത്തേക്കുള്ള ഇത്തവണത്തെ മത്സരം അഞ്ചാം ഊഴത്തിന്‍േറതാണ്. 1970ലും ‘77 ലും ’91ലും ’ 96ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ’96ല്‍ സഹകരണ- വൈദ്യുതി മന്ത്രിയായി കര്‍മശേഷി തെളിയിച്ചു. 1998ല്‍ ചടയന്‍ ഗോവിന്ദന്‍െറ മരണത്തെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം ഒഴിഞ്ഞ്  സംസ്ഥാന സെക്രട്ടറിയായത്. സെക്രട്ടേറിയറ്റ് അംഗം ആയിരിക്കുമ്പോള്‍തന്നെ സെക്രട്ടറി പദവി എല്‍പിച്ചത് അദ്ഭുതമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ കൊടിയ മര്‍ദനമേറ്റ ചരിത്രവും സംഘടനയെ നക്സലൈറ്റുകളുടെ പിടിയില്‍നിന്ന് രക്ഷിച്ചതും ആര്‍.എസ്.എസിന് എതിരായി പ്രതിരോധം ഉയര്‍ത്തിയതും അടക്കമുള്ള അദ്ദേഹത്തിന്‍െറ സംഘാടനപാടവം പാര്‍ട്ടി ഗൗരവത്തോടെ കണ്ടു.  പിന്നീട് എല്ലാം ചരിത്രമായിരുന്നു. 1998 മുതല്‍ 2015 വരെ സംഘടനയെ കൈവള്ളയില്‍ സൂക്ഷിച്ചു. വിഭാഗീയതയുടെ അച്ചുതണ്ടിന്‍െറ നടുവൊടിച്ച പിണറായിയെ പാര്‍ട്ടിയുടെ കരുത്തായി കാണാനാണ് അണികള്‍ക്ക് ഏറെ ഇഷ്ടം.

സി.പി.എമ്മിന്‍െറ മോസ്കോ എന്നറിയപ്പെടുന്ന ധര്‍മടത്തുനിന്ന് തന്നെയാവും പിണറായിയുടെ മത്സരമെന്ന് ഉറപ്പാണ്. മറിച്ചെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം.
ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനുമിടയില്‍ പിറന്നാള്‍ ദിനം മറ്റേത് ദിവസവും പോലെ കടന്നുപോവുമെന്ന് പിണറായിക്കൊപ്പം സഖാക്കള്‍ക്കും അറിയാം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.