ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിനെ പരിഗണിക്കണമെന്ന് നിര്‍ദേശം

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിനെ പരിഗണിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍െറ നിര്‍ദേശം. കോന്നിയില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. സനല്‍കുമാറിന്‍െറ പേരും നിര്‍ദേശിച്ചു. രണ്ടു മണ്ഡലത്തിലേക്കും ഓരോ പേരുകള്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ.
നേരത്തേ രണ്ടു തവണയായി ഒമ്പതുപേരുകള്‍വരെ നിര്‍ദേശിച്ചിരുന്നു. രണ്ടിടത്തേക്കും ഒറ്റപ്പേരുകള്‍ നിര്‍ദേശിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നീക്കം. വീണ ജോര്‍ജ് പത്തനംതിട്ട ടൗണിനടുത്ത് മൈലപ്രയിലാണ് താമസം. ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയാണ്. പത്തനംതിട്ട കൊടുമണ്ണിനടുത്ത് അങ്ങാടിക്കലാണ് ജോര്‍ജ് ജോസഫിന്‍െറ വീട്. മണ്ഡലത്തിലെ താമസക്കാരാണെന്നതും ഓര്‍ത്തഡോക്സ് സഭയുമായുള്ള അടുത്ത ബന്ധവുമാണ് വീണയെ പരിഗണിക്കാന്‍ കാരണമായത്.
കാതോലിക്കേറ്റ് കോളജ് അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. സുനിലിനെയും പരിഗണിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാലാണ് സുനിലിനെ അവസാന നിമിഷം ഒഴിവാക്കാന്‍ തീരുമാനിച്ചത്. ആറന്മുളയിലോ കോന്നിയിലോ ഈഴവ വിഭാഗത്തില്‍നിന്നുള്ള ആളെ പരിഗണിക്കണമെന്ന താല്‍പര്യം ജില്ലാ നേതൃത്വത്തിനുണ്ടായിരുന്നെങ്കിലും അതും ഉപേക്ഷിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരാണ് രണ്ടിടത്തും മത്സരിക്കുന്നത് എങ്കില്‍ ജാതിസമവാക്യങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം ഉണ്ടായിരുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
വീണ മത ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായതിനാല്‍ ജാതി സമവാക്യം നോക്കേണ്ടെന്നു തീരുമാനിച്ചത്രേ. ജില്ലാ സെക്രട്ടേറിയറ്റ് പേരുകള്‍ നിര്‍ദേശിച്ചുവെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. മുന്നണി സീറ്റ് വിഭജനം വരുമ്പോള്‍ ഇതില്‍ ഏതെങ്കിലും സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടി വന്നാല്‍ അവരുടെ സ്ഥാനാര്‍ഥിയാവും വരിക. ആറന്മുളയോ കോന്നിയോ കേരള കോണ്‍ഗ്രസിന് ബിക്ക് നല്‍കുമെന്ന് അഭ്യൂഹമുണ്ട്. ആറന്മുളയില്‍ വീണ ജോര്‍ജിന് സീറ്റ് നല്‍കിയാല്‍ ജില്ലയില്‍ സി.പി.എം മത്സരിക്കുന്ന മൂന്നു സീറ്റില്‍ രണ്ടിലും ക്രിസ്ത്യന്‍ വിഭാഗത്തിലെ സ്ഥാനാര്‍ഥികളാകും. റാന്നിയില്‍ നിലവിലെ എം.എല്‍.എ രാജു എബ്രഹാമാണ് മത്സരിക്കുക. വ്യാഴാഴ്ച വൈകുന്നേരം ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം എത്താത്തതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം കൈക്കൊള്ളുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.