ഗുണ്ടാപട്ടികയില്‍ നിന്ന് നൂറുപേരെ അഡൈ്വസറി കമ്മിറ്റി ഒഴിവാക്കി

കോട്ടയം: അനാവശ്യമായി ഗുണ്ടാ ആക്ട് പ്രകാരം സംസ്ഥാനത്ത് ജയിലിലടച്ച മുന്നൂറോളം പേരില്‍നിന്ന് നൂറു പേരെ കേരള ആന്‍റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ അഡൈസ്വറി കമ്മിറ്റി ഗുണ്ടാ പട്ടികയില്‍നിന്ന് ഒഴിവാക്കി. കാപ്പ ചുമത്തി മൂന്നു വര്‍ഷത്തിനിടെ മുന്നൂറിലധികം പേരെയാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചത്. പട്ടികയിലെ മുഴുവന്‍ വ്യക്തികളെയും അവരുടെ മുന്‍കാല ചരിത്രവും വിശദമായി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് രാംകുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതി ഇവരെയെല്ലാം ഗുണ്ടാലിസ്റ്റില്‍നിന്ന് ഒഴിവാക്കാനും ജയില്‍ മോചിതരാക്കാനും  ഉത്തരവിട്ടത്.

ജില്ലാ പൊലീസ് മേധാവികള്‍ അതത് ജില്ലാ മജിസ്ട്രേറ്റുമാര്‍ മുഖേന ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയവരില്‍ ഭൂരിപക്ഷവും ഇത്തരം ശിക്ഷാനടപടികള്‍ക്ക് അര്‍ഹരല്ളെന്ന് കണ്ടത്തെി. ഇതുസംബന്ധിച്ച പൊലീസ് നടപടിയില്‍ കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തി. അതേസമയം, തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിനെ പോലെയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് കമ്മിറ്റി അംഗീകാരവും നല്‍കി. പൊലീസ് നിലവില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയവരില്‍ പലരും ഇത്തരത്തില്‍ ശിക്ഷിക്കപ്പെടേണ്ടവര്‍ അല്ളെന്ന റിപ്പോര്‍ട്ടും കമ്മിറ്റി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഗുണ്ടാലിസ്റ്റിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്ത് ജസ്റ്റിസ് രാംകുമാര്‍ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ച കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു. ഇതിനിടെ മിക്ക ദിവസങ്ങളിലും കമ്മിറ്റി യോഗം ചേര്‍ന്ന് മുഴുവന്‍ പട്ടികയും പരിശോധിച്ചു. പ്രമുഖ അഭിഭാഷകനായ തോമസ് മാത്യുവും പോള്‍ സൈമണുമായിരുന്നു അംഗങ്ങള്‍. വ്യക്തിവൈരാഗ്യം തീര്‍ക്കാനും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനും ഉന്നത രാഷ്ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്നും നിരവധി പേരെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കാപ്പ നിലവില്‍ വന്നതു മുതല്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. കമ്മിറ്റി സമര്‍പ്പിച്ച വിശദ റിപ്പോര്‍ട്ട് സര്‍ക്കാറിന്‍െറ പരിഗണനയിലാണ്.ജില്ലാ പൊലീസ് മേധാവികള്‍ നല്‍കുന്ന പട്ടിക അതേപടി അംഗീകരിക്കുകയാണ് ജില്ലാ കലക്ടര്‍ കൂടിയായ ജില്ലാ മജിസ്ട്രേറ്റുമാര്‍ ചെയ്തിരുന്നത്. റിപ്പോര്‍ട്ട് കലക്ട്രേറ്റിലെ ഉദ്യോഗസ്ഥന്‍ പരിശോധിച്ച ശേഷം ഒപ്പിടാന്‍ മാത്രം മജിസ്ട്രേറ്റുമാര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു പതിവ്.

കൂടുതല്‍ പരിശോധനകള്‍ ഇവര്‍ നടത്തിയിരുന്നില്ളെന്നും കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. മേലില്‍ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റുമാര്‍ വിശദപഠനം നടത്തണമെന്ന ശിപാര്‍ശയും കമ്മിറ്റി നല്‍കി. ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഏറെയും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ളവരാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്ന് ഉള്‍പ്പെട്ടവര്‍ നാമമാത്രമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.