‘ബീച്ചില്‍ സൂനാമി’; ആദ്യം പരിഭ്രമം, പിന്നെ പുഞ്ചിരി

കോഴിക്കോട്: സമയം 1.30. ഗുജറാത്തി സ്ട്രീറ്റിന്‍െറ സമീപത്ത് ആംബുലന്‍സിന്‍െറ ബഹളം. പൊലീസിന്‍െറയും ഫയര്‍ഫോഴ്സിന്‍െറയും വണ്ടികള്‍  അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്നു. വീണുകിടക്കുന്ന ആളെ സ്ട്രെച്ചറില്‍ താങ്ങിയെടുത്ത് ആംബുലന്‍സ് ചീറിപ്പാഞ്ഞു. ഉടന്‍തന്നെ പൊലീസ് വാഹനത്തില്‍ സൂനാമി മുന്നറിയിപ്പുള്ളതിനാല്‍ കടല്‍തീരത്തുനിന്ന് 250 മീറ്റര്‍ അകലെ മാറിനില്‍ക്കണമെന്ന മുന്നറിയിപ്പ് വന്നു. ബീച്ചിലുണ്ടായിരുന്ന ആളുകളെയും പെട്ടിക്കടക്കാരെയും അവിടെനിന്ന് മാറ്റി. 10 മിനിറ്റിനകം ബീച്ചും പ്രദേശങ്ങളും ശൂന്യം. ഇതെല്ലാംകണ്ട് പരിഭ്രമിച്ച ചിലര്‍ പൊലീസുകാരോട് കാര്യമന്വേഷിച്ചപ്പോഴാണ് സൂനാമി മുന്‍കരുതലുമായി ബന്ധപ്പെട്ട മോക്ഡ്രിലാണ് നടക്കുന്നത് എന്നറിഞ്ഞത്. അങ്ങനെ ആദ്യത്തെ പേടി പിന്നീട് പുഞ്ചിരിയായി. ചിലരാകട്ടെ ‘ബീച്ചില്‍ എന്തോ നടക്കുന്നുവെന്ന്’ പത്ര ഓഫിസുകളിലേക്ക് വിളിച്ചുപറയാനും മറന്നില്ല. ബീച്ചിലെ ഓപണ്‍ സ്റ്റേജ് ഭാഗം മുതല്‍ ഫ്രാന്‍സിസ് റോഡ് ഭാഗം വരെയുള്ള പ്രദേശത്തായിരുന്നു മോക്ഡ്രില്‍

സമീപത്തെ ഹോട്ടലുകളുടെയും കടകളുടെയുമെല്ലാം ഷട്ടറുകള്‍ താഴ്ത്തി. കോര്‍പറേഷന്‍ ഓഫിസിന്‍െറ ഗേറ്റ് അടച്ചു. സ്ഥലത്തുനിന്ന് ‘ഒഴിപ്പിച്ചവരെ’ പരപ്പില്‍ എം.എം സ്കൂളിലാണ് മാറ്റിപ്പാര്‍പ്പിച്ചത്. കടലില്‍ വീണവരെ ഫയര്‍ഫോഴ്സിന്‍െറ സ്കൂബ ഡ്രൈവിങ് അംഗങ്ങള്‍ ചേര്‍ന്ന് രക്ഷിച്ചു. ‘പരിക്കേറ്റ’ ആറുപേരെയും കടലിലകപ്പെട്ടുപോയ മൂന്നുപേരെയും ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്‍െറ പ്രത്യേക ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് മാറ്റി. എട്ടുപേരെ പി.വി.എസ് ആശുപത്രിയിലും ഒരാളെ ബീച്ച് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സന്ദേശം ലഭിച്ച ആദ്യ അരമണിക്കൂറിനുള്ളില്‍ ബീച്ചിലേക്കുള്ള റോഡുകള്‍ പൊലീസ് നിയന്ത്രണത്തിലായിരുന്നു.

എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ബീച്ചിലത്തെിച്ചേരാനും ബീച്ച് പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുന്നതിനും  സഹായകമാവുന്ന വിധത്തില്‍ ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു. വൈകീട്ട് അഞ്ചുവരെയായിരുന്നു മോക്ഡ്രില്‍. പൊലീസിന്‍െറ 15ഓളം വാഹനങ്ങളും ഫയര്‍ ആന്‍ഡ് റെസ്ക്യൂവിന്‍െറ രണ്ട് ആംബുലന്‍സുകള്‍, ക്യുക് റെസ്പോണ്‍സ് വെഹിക്ള്‍, എമര്‍ജന്‍സി റെസ്ക്യൂ വെഹിക്ള്‍ എന്നിവയുള്‍പ്പെടെ പത്തോളം വാഹനങ്ങളും റവന്യൂ, ഇന്‍ഫര്‍മേഷന്‍ ഓഫിസ് വാഹനങ്ങളും ബീച്ചിലത്തെിയിരുന്നു.

കോസ്റ്റല്‍ സി.ഐ ടി.കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ 150ഓളം പൊലീസ് ഉദ്യോഗസ്ഥരും അസിസ്റ്റന്‍റ് ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്കറിന്‍െറ നേതൃത്വത്തില്‍ 50ലേറെ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും മോക്ഡ്രിലില്‍ പങ്കാളികളായി. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ കണ്‍ട്രോള്‍ റൂമാണ് നേതൃത്വംനല്‍കിയത്. സൂനാമി ദുരന്തമുന്നറിയിപ്പുണ്ടാകുമ്പോള്‍ പൊലീസ്, അഗ്നിശമനസേന, തീരദേശ പൊലീസ്, ആരോഗ്യവകുപ്പ്, റവന്യൂവകുപ്പ്, വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് തുടങ്ങിയ വിഭാഗങ്ങള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ തത്സമയ ആവിഷ്കാരമാണ് നടന്നത്.

സൂനാമി ദുരന്തമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണത്തിനും അടിയന്തരസാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം എത്രമാത്രം സജ്ജമാണെന്ന് പരിശോധിക്കുകയുമാണ് മോക്ഡ്രില്‍ ലക്ഷ്യമിട്ടത്. വൈകീട്ട് കലക്ടറേറ്റില്‍ നടന്ന സൂനാമി മോക്ഡ്രില്‍ അവലോകനയോഗത്തില്‍ ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത്, സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റ, സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, അസിസ്റ്റന്‍റ് കലക്ടര്‍ രോഹിത് മീണ, റൂറല്‍ എസ്.പി പ്രതീഷ്കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ അസിസ്റ്റന്‍റ് ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍, എ.ഡി.എം ടി. ജെനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, അഡീഷനല്‍ ഡി.എം.ഒ   ഡോ. എന്‍.എസ്. രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോടിന് പുറമെ സംസ്ഥാനത്തെ എട്ടു തീരദേശജില്ലകളിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം സൂനാമി മോക്ഡ്രിലുകള്‍ നടന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.