വി.എസിന്‍െറയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വം ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:പ്രമുഖ നേതാക്കളുടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സംസ്ഥാനത്തുണ്ടായ മുന്‍കാല പിഴവുകള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടുള്ള സി.പി.എം നേതൃയോഗങ്ങള്‍ ആരംഭിച്ചു. വി.എസ്. അച്യുതാനന്ദന്‍െറയും പിണറായി വിജയന്‍െറയും നിയമസഭാ സ്ഥാനാര്‍ഥിത്വ കുരുക്ക് അഴിക്കാനുള്ള പി.ബി നിര്‍ദേശം പക്ഷേ വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല.
പൊതുരാഷ്ട്രീയ സാഹചര്യമാണ് ചര്‍ച്ചയായത്. എന്നാല്‍, ശനിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ്, ഞായറാഴ്ചത്തെ സംസ്ഥാന സമിതി യോഗങ്ങളില്‍ ഇത് പരിഗണിക്കുമെന്ന് ഉറപ്പായി.
2006ലും 2011ലും വി.എസ്. അച്യുതാനന്ദന്‍െറ സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നതില്‍ സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കുണ്ടായ കാലതാമസം രാഷ്ട്രീയ എതിരാളികള്‍ക്ക് ഗുണം ചെയ്തിരുന്നു. എല്‍.ഡി.എഫ് ഭരണത്തിലേറാന്‍ സാധ്യതയുള്ളതായി ഇടതുപക്ഷം ദേശീയതലത്തില്‍തന്നെ വിലയിരുത്തുന്ന കേരളത്തില്‍ പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന നിലപാടിലാണ് സി.പി.എം കേന്ദ്രനേതൃത്വം. കഴിഞ്ഞ പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഇരുനേതാക്കളുടെയും സ്ഥാനാര്‍ഥിത്വ വിഷയം പരിഗണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികള്‍ക്ക് ഇത് ഉപയോഗിക്കാനും കഴിഞ്ഞിരുന്നില്ല.
തെരഞ്ഞെടുപ്പില്‍ വിജയസാധ്യത ഇല്ലാതാക്കുന്ന ഒരു നടപടിയിലേക്കും പോകരുതെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. വി.എസിന്‍െറയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വത്തിലും ഈ പ്രായോഗിക നിലപാട് പ്രാവര്‍ത്തികമാക്കാനാണ് അവരുടെ നീക്കം. ഇത് മുന്‍നിര്‍ത്തി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള എന്നീ കേന്ദ്രനേതാക്കളും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നതിലും നിലവിലെ മാര്‍ഗനിര്‍ദേശത്തിനൊപ്പം വിജയസാധ്യതയാണ് മുഖ്യഘടകമായി കാണുന്നത്.
അതുകൊണ്ടുതന്നെ രണ്ടുതവണ മത്സരിച്ചവര്‍, സെക്രട്ടേറിയറ്റില്‍നിന്ന് മത്സരിക്കേണ്ടവര്‍, ജില്ലാ സെക്രട്ടറിമാരുടെ സ്ഥാനാര്‍ഥിത്വം എന്നീ കാര്യങ്ങളില്‍ വിജയസാധ്യതയാവും നിര്‍ണായകം. ഇതില്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
എല്‍.ഡി.എഫിനോട് സഹകരിക്കാന്‍ തയാറായ കക്ഷികളുടെയും ഗ്രൂപ്പുകളുടെയും കാര്യത്തില്‍ പൊതുസമൂഹത്തിലുള്ള വിശ്വാസ്യത അടക്കമുള്ളതാവും പ്രധാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.