400 വിദ്യാര്‍ഥികളുള്ള ഹയര്‍ സെക്കന്‍ഡറികളില്‍ എല്‍.ഡി.സി തസ്തിക

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറികളിലും ഓരോ ഫുള്‍ടൈം മീനിയല്‍ (എഫ്.ടി.എം) തസ്തികയും  400 വിദ്യാര്‍ഥികളുള്ളിടങ്ങളില്‍ എല്‍.ഡി ക്ളര്‍ക്ക് തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനം. 2014ല്‍ അനുവദിച്ച അധിക ബാച്ചുകളില്‍ തസ്തികകളും അനുവദിക്കും. സര്‍ക്കാര്‍ മേഖലയിലെ 755ഉം എയ്ഡഡ് മേഖലയിലെ 674ഉം സ്കൂളുകളിലായിരിക്കും എഫ്.ടി.എം തസ്തിക സൃഷ്ടിക്കുക.

ഇത്രതന്നെ എല്‍.ഡി.സി തസ്തികക്കും ശിപാര്‍ശയുണ്ടായിരുന്നെങ്കിലും ധനവകുപ്പ്  500 വിദ്യാര്‍ഥികളുള്ള സ്കൂളുകളില്‍ മതിയെന്ന് രേഖപ്പെടുത്തി മന്ത്രിസഭാ പരിഗണനക്കയച്ചു. ഇതിനെ എതിര്‍ത്ത വിദ്യാഭ്യാസ വകുപ്പ് എല്ലായിടത്തും എല്‍.ഡി.സി തസ്തിക വേണമെന്ന് നിലപാടെടുത്തു. തുടര്‍ന്ന്  400 വിദ്യാര്‍ഥികള്‍ ഉള്ള ഹയര്‍ സെക്കന്‍ഡറികളില്‍ എല്‍.ഡി.സി തസ്തിക അനുവദിക്കാന്‍  മന്ത്രിസഭ തീരുമാനിക്കുകയുമായിരുന്നു.1429 ഹയര്‍ സെക്കന്‍ഡറികളില്‍ എഫ്.ടി.എം തസ്തികകള്‍ക്ക് 16,75,83,117 രൂപയുടെ അധിക ബാധ്യതയും ഇത്രയും എല്‍.ഡി.സി തസ്തികക്ക് 34,34,51,576 രൂപയുടെയും അധിക ബാധ്യതയാണ് കണക്കാക്കിയിരുന്നത്.

2014ല്‍ അധികബാച്ചുകള്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. 2016 ജൂണ്‍ ആറു മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാവുമിത്. അധിക ബാച്ചുകള്‍ അനുവദിച്ചയിടങ്ങളില്‍ തസ്തിക സംബന്ധിച്ച പൊതുഉത്തരവ് വൈകാതെയും സ്കൂള്‍ തിരിച്ചുള്ള തസ്തികകളുടെ എണ്ണത്തില്‍ പിന്നീട് പ്രത്യേക ഉത്തരവിറക്കാനുമാണ് തീരുമാനം. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലായി 629 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനാണ് നേരത്തേ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. ഇതിനുപുറമെ നിലവിലെ 307 ജൂനിയര്‍ അധ്യാപക തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും ശിപാര്‍ശയുണ്ട്. 62 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ 167 ജൂനിയര്‍ അധ്യാപക തസ്തികകളും 58 സീനിയര്‍ അധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുക.118 ജൂനിയര്‍ തസ്തികകളാണ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ സീനിയറാക്കുന്നത്.

66 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നെങ്കിലും 62ല്‍ മാത്രമാണ് നിബന്ധനപ്രകാരമുള്ള കുട്ടികള്‍ ഉള്ളത്. 2014 -15 വര്‍ഷത്തെ ബാച്ചില്‍ 40 കുട്ടികളും 2015 -16 വര്‍ഷത്തെ ബാച്ചില്‍ 50 കുട്ടികളും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. 123 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ അധിക ബാച്ച് അനുവദിച്ചതില്‍ 117 ഇടത്ത് മാത്രമാണ് പതിയായ കുട്ടികളുള്ളത്. ഇവിടെ 323 ജൂനിയര്‍ തസ്തികയും 81 സീനിയര്‍ തസ്തികയുമാണ് സൃഷ്ടിക്കുക. 189 ജൂനിയര്‍ അധ്യാപകരെ സീനിയറാക്കി അപ്ഗ്രേഡ് ചെയ്യനും ശിപാര്‍ശയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.