മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാമെന്ന് ഇടതു പ്രതീക്ഷ

കോട്ടയം: കെ.എം. മാണിയുമായി കലഹിച്ച് ഇറങ്ങിയവരെ ഒപ്പംകൂട്ടി മധ്യകേരളത്തില്‍ നേട്ടം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ ഇടതു മുന്നണി. പാര്‍ട്ടി വിടാന്‍ വിമതര്‍ തീരുമാനം എടുത്തതോടെ സി.പി.എം ഇവരെ സ്വാഗതം ചെയ്തതും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു.
നിലവില്‍ സ്കറിയ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ് മാത്രമാണ് എല്‍.ഡി.എഫിലുള്ളത്. ഇവരിലൂടെ ക്രൈസ്തവ മേഖലകളില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനാവില്ളെന്ന് വ്യക്തമായി അറിയാവുന്ന ഇടതു മുന്നണി കരുത്തുറ്റൊരു കേരള കോണ്‍ഗ്രസിനായുള്ള കാത്തിരിപ്പിലായിരുന്നു. മികച്ച പ്രതിച്ഛായയും സഭ നേതൃത്വങ്ങളുമായി ബന്ധവും സൂക്ഷിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിന്‍െറ വരവ് ഗുണമാകുമെന്ന് തന്നെയാണ് ഇവരുടെ കണക്കുകൂട്ടല്‍. മികച്ച സ്ഥാനാര്‍ഥികളെ ലഭിക്കുമെന്ന മെച്ചവും എല്‍.ഡി.എഫ് കാണുന്നു.
അതേസമയം, നേരത്തേ എല്‍.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ ലഭിച്ച പരിഗണനയാണ് വിമതവിഭാഗം ലക്ഷ്യമിടുന്നത്. അല്‍പം കുറഞ്ഞാലും  മാണിക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ ഭേദമാകുമെന്നു തന്നെയാണ് ഇവര്‍ പറയുന്നത്. ആറു സീറ്റാണ് ആവശ്യപ്പെട്ടതെങ്കിലും നാലു സീറ്റ് ലഭിച്ചാലും ലാഭമാണെന്നും ഇവര്‍ കണക്കുകൂട്ടുന്നു. പി.ജെ. ജോസഫിന്‍െറ നേതൃത്വത്തിലുള്ള വിഭാഗം എല്‍.ഡി.എഫ് വിട്ടശേഷം പി.സി. തോമസിന്‍െറ നേതൃത്വത്തിലെ ചെറിയൊരു വിഭാഗമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇതിനിടെ പി.സി. തോമസും സ്കറിയ തോമസും തമ്മില്‍ തെറ്റി ഇരുപാര്‍ട്ടിയായി. തുടര്‍ന്ന് പി.സി. തോമസ് എല്‍.ഡി.എഫില്‍നിന്ന് പുറത്തായി.
മുന്നണിയില്‍ ഒന്നിലധികം കേരള കോണ്‍ഗ്രസുകള്‍ വേണ്ടെന്ന നിലപാടാണ് എല്‍.ഡി.എഫിന്്. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്കറിയ തോമസ് വിഭാഗത്തോടൊപ്പം സഹകരിക്കാന്‍ ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. സ്കറിയ പക്ഷത്തിന് രണ്ടു സീറ്റും ഇവര്‍ക്ക് നാലു സീറ്റും ഉള്‍പ്പെടെ ആറു സീറ്റാണ് ഇടതു മുന്നണി നീക്കിവെക്കുക. ജയസാധ്യതയുള്ള സീറ്റുകള്‍ ഇവര്‍ക്ക് നല്‍കുമെന്നാണ് മുന്നണിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
യു.ഡി.എഫിന്‍െറ കോട്ടകളില്‍ കടന്നുകയറാനും വിള്ളലുണ്ടാക്കാനും കഴിയുമെന്നതിനാല്‍ യു.ഡി.എഫ് സ്ഥിരമായി വിജയിച്ചുവരുന്ന സീറ്റുകളാകും ഇവര്‍ക്ക് നല്‍കുക. മൂവാറ്റുപുഴ, കോതമംഗലം, കടുത്തുരുത്തി, ഇടുക്കി തുടങ്ങിയ സീറ്റുകള്‍ ഇവര്‍ക്കായി ഇടതുമുന്നണി പരിഗണിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.