ആദിവാസി യുവാക്കള്‍ക്കെതിരെ പോക്സോ: സര്‍ക്കാറിന് മനുഷ്യാവകാശ കമീഷന്‍െറ നോട്ടീസ്

തൃശൂര്‍: ഗോത്രാചാര പ്രകാരം വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കളെ പോക്സോ നിയമ പ്രകാരം ജയിലിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന് മനുഷ്യാവകാശ കമീഷന്‍െറ നോട്ടീസ്. വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ അടിയന്തര വിശദീകരണം നല്‍കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയോടും കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് നിര്‍ദേശിച്ചു. ‘മാധ്യമം’  പ്രസിദ്ധീകരിച്ച വാര്‍ത്തകളെ അടിസ്ഥാനമാക്കി തൃശൂര്‍ സ്വദേശി അഡ്വ. ഹരിദാസ് എറവക്കാട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കമീഷ ന്‍െറ നടപടി.

ഒന്നിലേറെ വകുപ്പുകള്‍ ഉള്‍പ്പെടുന്നതിനാല്‍ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് ചീഫ് സെക്രട്ടറിയോടാണ് കമീഷന്‍ വിശദീകരണം തേടിയത്. വിവാഹം കഴിക്കാന്‍ പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും തികയണമെന്ന നിയമം ആദിവാസികള്‍ക്ക് അറിയില്ല. രാജ്യത്തെ പല നിയമങ്ങളെക്കുറിച്ചും സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് എത്താത്ത ആദിവാസികള്‍ക്ക് അജ്ഞതയുണ്ട്. അവര്‍ ഗോത്രവര്‍ഗാചാരപ്രകാരമാണ് ഇന്നും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ പ്രായം തികഞ്ഞാല്‍ ഊരുമൂപ്പനും മറ്റ് കാരണവന്മാരും പറയുന്നത് പാലിക്കും.

ഇക്കാര്യത്തില്‍ നിയമപരമായി എന്തെങ്കിലും ചെയ്യുന്നതിന് പകരം ആദിവാസി യുവാക്കളെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെക്കുകയാണ്. വയനാട് ജില്ലയില്‍ മാത്രം ഇരുപതോളം ആദിവാസി യുവാക്കള്‍ തടങ്കലിലുണ്ടെന്നും ഇവരുടെ മോചനത്തിന് അടിയന്തര നടപടി വേണമെന്നുമാണ് ഹരജിക്കാരന്‍െറ ആവശ്യം. പട്ടികജാതി -പട്ടികവര്‍ഗം, ആദിവാസി ക്ഷേമം, സാമൂഹികനീതി എന്നീ വകുപ്പുകളും സംസ്ഥാന പൊലീസ് മേധാവിയും വയനാട് ജില്ലാ ഭരണകൂടവും എതിര്‍കക്ഷികളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.