ജി.എസ്.ടി: സംസ്ഥാന നിലപാടിനെ സി.പി.എം കേന്ദ്ര നേതൃത്വം തിരുത്തി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ചരക്ക് സേവന നികുതിയെ (ജി.എസ്.ടി) പിന്തുണക്കുമെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടിനെ സി.പി.എം കേന്ദ്ര കമ്മിറ്റി തിരുത്തി. ‘പാര്‍ലമെന്‍റിലെ ജി.എസ്.ടി ബില്‍ ചര്‍ച്ചയില്‍ സി.പി.എം ചില എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാറിന് ഒരു എതിര്‍പ്പും ഇല്ളെന്നുമാണ്’ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്. കൊല്‍ക്കത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗ ശേഷം മന്ത്രി തോമസ് ഐസക്കാണ് എതിര്‍പ്പില്ളെന്ന് ആദ്യം പറഞ്ഞത്. എന്നാല്‍, ജൂണ്‍ 18 മുതല്‍ നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗ ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ജി.എസ്.ടി ബില്ലിനോടുള്ള വിയോജിപ്പ് പാര്‍ട്ടി ആവര്‍ത്തിച്ചിരിക്കുന്നത്.

ബില്ലിനോടുള്ള അഭിപ്രായ വ്യത്യാസവും പാര്‍ട്ടി നിലപാടും പാര്‍ലമെന്‍റിന്‍െറ സെലക്ട് കമ്മിറ്റിക്ക് രേഖാമൂലം നല്‍കിയിരിക്കെയാണ് സി.പി.എം പി.ബി അംഗം മുഖ്യമന്ത്രിയായ സംസ്ഥാനം ഇതിനെ പരസ്യമായി പിന്തുണച്ചത്. ഇതില്‍ ജനറല്‍ സെക്രട്ടറിക്ക് അടക്കം കടുത്ത അതൃപ്തിയുമുണ്ട്.  ഇക്കാര്യം യെച്ചൂരി സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി വാര്‍ത്താക്കുറിപ്പുതന്നെ ഇറക്കിയത്. വി.എസും എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

ബില്ലിന് ചില പോരായ്മകളുണ്ടെന്നും അതു പരിഹരിക്കേണ്ടതാണെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കുന്നു. ‘രണ്ടു വര്‍ഷമായി സര്‍വകക്ഷി യോഗം വിളിക്കാതെ മോദി സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണ്. ജി.എസ്.ടി നടപ്പില്‍വരുന്നതോടെ വിഭവങ്ങള്‍ ശേഖരിക്കാനുള്ള അധികാരംസംസ്ഥാനങ്ങള്‍ക്ക് നഷ്ടമാവും.  
ദേശീയദുരന്തം ഉണ്ടാവുമ്പോഴോ ക്ഷേമ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടത്തൊനോ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രത്തിന്‍െറ ദയക്ക് കാത്തുനില്‍ക്കേണ്ടിവരും. ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം നികത്താനുള്ള സംവിധാനം ഉണ്ടാവണം. ഇതു ചര്‍ച്ച ചെയ്യാനും സമവായത്തില്‍ എത്താനും പ്രധാനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുടെയും യോഗം വിളിച്ചു ചേര്‍ക്കണം’-പാര്‍ട്ടി ആവശ്യപ്പെടുന്നു.

ഇതു നടപ്പാക്കുന്നതുവഴിയുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തുമെന്നാണ്  ബില്ലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍, നികുതി നിശ്ചയിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നത് എങ്ങനെ പുന$സ്ഥാപിക്കുമെന്നാണ് സി.പി.എം ചോദിക്കുന്നത്. ഇടതുപക്ഷവും മറ്റു പ്രാദേശിക കക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെയാവും ഇതു പ്രതികൂലമായി ബാധിക്കുക. ജി.എസ്.ടി നടപ്പാക്കുന്നതോടെ ജി.എസ്.ടി കൗണ്‍സില്‍ ആവും നികുതി നിശ്ചയിക്കാനുള്ള സംവിധാനം.
കേന്ദ്ര സര്‍ക്കാറാണ് അധ്യക്ഷന്‍. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് നികുതി നിശ്ചയിക്കുന്നതില്‍ വലിയ വെല്ലുവിളി നേരിടുമെന്നും ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. കേന്ദ്ര കമ്മിറ്റി നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാറും സി.പി.എം ഘടകവും വെട്ടിലായ അവസ്ഥയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.