കാവാലത്തിന് തലസ്ഥാനത്തിന്‍െറ അന്ത്യാഞ്ജലി

ചെറുപ്രായത്തില്‍ നാടകക്കളരിയിലത്തെി പിതൃതുല്യനായി കാവലത്തെ  ആദരിക്കുന്ന ശിഷ്യഗണങ്ങളില്‍ പലരും ഭൗതിക ശരീരത്തിന് മുന്നില്‍ തേങ്ങി
തിരുവനന്തപുരം: മലയാള നാടകവേദിയെ പുതിയ ആകാശത്തിലേക്ക് തുടികൊട്ടിയുണര്‍ത്തിയ മഹാപ്രതിഭയും തനതുനാടകവേദിയുടെ ആചര്യനുമായ കാവാലം നാരായണപ്പണിക്കര്‍ക്ക് തലസ്ഥാനത്തിന്‍െറ അന്ത്യാഞ്ജലി.

നാടിന്‍െറ രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കാനത്തെി. ഞായറാഴ്ച രാത്രി മരണവിവരം അറിഞ്ഞയുടന്‍ നാടകപ്രവര്‍ത്തകരും ആസ്വാദകരും സോപാനത്തിലത്തെിത്തുടങ്ങിയിരുന്നു. പതിറ്റാണ്ടുകളായി കാവാലത്തിന്‍െറ നാടകങ്ങള്‍ക്ക് നിറച്ചാര്‍ത്തൊരുക്കിയ സോപാനം കളരിക്ക് നടുവിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചത്. മഹാകവി ഭാസന്‍െറ കര്‍ണഭാരത്തിനായി നടന്‍ മോഹന്‍ലാലും കാളിദാസന്‍െറ ശാകുന്തളത്തിനായി നടി മഞ്ജുവാര്യരും അടക്കമുള്ള കലാകാരന്മാര്‍ കുട്ടനാടന്‍ ശീലുകള്‍ക്കൊപ്പം ആടിയും പാടിയും ചുവടുവെച്ച കളരിയില്‍ പലരും നിന്ന് വിതുമ്പി. ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹം ഭാര്യ ശാരദാപണിക്കരെയും മകന്‍ കാവാലം ശ്രീകുമാറിനെയും ആശ്വസിപ്പിച്ചു. നാടകരചനയിലും രംഗാവതരണത്തിലും പുതുക്കാഴ്ചയുടെ വിസ്മയം തീര്‍ത്ത അദ്ദേഹത്തിന്‍െറ ഭൗതിക ശരീരം അവസാനമായി ഒരു നോക്കുകാണാന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നാടകപ്രവര്‍ത്തകരും ശിഷ്യരും നാടകാസ്വാദരും തൃക്കണ്ണാപുരത്തേക്ക് ഒഴുകിയത്തെി. ചെറുപ്രായത്തില്‍ നാടകക്കളരിയിലത്തെി പിതൃതുല്യനായി കാവലത്തെ  ആദരിക്കുന്ന ശിഷ്യഗണങ്ങളില്‍ പലരും ഭൗതിക ശരീരത്തിന് മുന്നില്‍ തേങ്ങി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍,  ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, എ.കെ. ബാലന്‍, തോമസ് ഐസക്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, എം.എ. ബേബി, പി.കെ. അബ്ദുറബ്ബ്, എം.കെ. മുനീര്‍, വി. സുരേന്ദ്രന്‍ പിള്ള, എം.പിമാരായ ശശി തരൂര്‍, സുരേഷ് ഗോപി, എം.ബി. രാജേഷ്, എം.എല്‍.എമാരായ സുരേഷ് കുറുപ്പ്, കെ.എസ്. ശബരീനാഥ്, ഒ. രാജഗോപാല്‍, പ്രതിഭാ ഹരി, വി.ഡി. സതീശന്‍, എ.എന്‍. ഷംസീര്‍, എം. സ്വരാജ്, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, പന്ന്യന്‍ രവീന്ദ്രന്‍, തെന്നല ബാലകൃഷ്ണപിള്ള, പാലോട് രവി, ജോണിനെല്ലൂര്‍, വൈക്കം വിശ്വം, വി. മുരളീധരന്‍, ഡി.ജി.പി ലോകനാഥ് ബെഹ്റ തുടങ്ങിയവരും കലാ-സാഹിത്യ-സിനിമാ രംഗത്തുനിന്ന് ലെനിന്‍ രാജേന്ദ്രന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, എം.ജി. ശ്രീകുമാര്‍, രാജീവ് നാഥ്, പ്രശാന്ത് നാരായണന്‍, ഗിരീഷ് പുലിയൂര്‍, കൈതപ്രം, ഭാവനാ രാധാകൃഷ്ണന്‍, മുകേഷ്, കവി മധുസൂദനന്‍ നായര്‍, വിധുപ്രതാപ്, പ്രമോദ് പയ്യന്നൂര്‍, ജി. വേണുഗോപാല്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു.

ഗായകര്‍ ‘അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക തക താ’ തുടങ്ങിയ കാവാലത്തിന്‍െറ കുട്ടനാടന്‍ പാരമ്പര്യ ശീലുകള്‍ പാടിത്തുടങ്ങി. ഇതുകേട്ട് നാടകപ്രവര്‍ത്തകര്‍ പതിറ്റാണ്ടുകളായി കാവാലം ഈ പണിപ്പുരയിലിരുന്ന് നടത്തിയ സാംസ്കാരിക പ്രവര്‍ത്തനത്തിന്‍െറ ഓര്‍മകള്‍ അയവിറക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.