ഉപസമിതി റിപ്പോര്‍ട്ട് അറബിക് കോളജുകള്‍ക്ക് തിരിച്ചടി

കോഴിക്കോട്: മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായ ഉപസമിതി റിപ്പോര്‍ട്ട് സംസ്ഥാനത്തെ 11 എയ്ഡഡ് അറബിക് കോളജുകളിലെ പുതിയ കോഴ്സുകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. അറബിക് കോളജുകളില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ചട്ടഭേദഗതിക്കാണ് ഉപസമിതി റിപ്പോര്‍ട്ട് വിലങ്ങുതടിയാവുക.

പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ ഉതകുന്ന തരത്തിലുള്ള സര്‍വകലാശാലാ ചട്ടഭേദഗതി ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കയാണ്. സര്‍വകലാശാലകളിലെ സെനറ്റ് അംഗീകരിച്ച ചട്ടഭേദഗതിയില്‍ ഒന്നരവര്‍ഷമായിട്ടും ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവെച്ചിട്ടില്ല. ഇതിനിടെയിലാണ് കോഴ്സുകള്‍ അനുവദിച്ചത് ക്രമക്കേടാണെന്ന് മന്ത്രിസഭാ ഉപസമിതി കണ്ടത്തെിയത്. ഉപസമിതി റിപ്പോര്‍ട്ടിന്‍െ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനത്തിന് അനുസരിച്ചാവും കോഴ്സുകളുടെ ഭാവി.

കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കു കീഴിലെ 11 എയ്ഡഡ് അറബിക് കോളജുകളില്‍ കോഴ്സ് അനുവദിച്ചത് വിവാദമായിരുന്നു. ബി.കോം വിത് ഇസ്ലാമിക് ഫിനാന്‍സ്, ബി.എ ഫങ്ഷനല്‍ അറബിക് ആന്‍ഡ് ഇംഗ്ളീഷ്, ബി.എ ട്രാന്‍സലേഷന്‍ ആന്‍ഡ് ജേണലിസം, ബി.എ ട്രാന്‍സലേഷന്‍ ആന്‍ഡ് അറബിക് തുടങ്ങി 22 കോഴ്സുകളാണ് അനുവദിച്ചത്. സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്സ് അനുവദിച്ചതിനൊപ്പമായിരുന്നു ഇതും. 2013 സെപ്റ്റംബര്‍ ഒമ്പതിനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍െറ ഉത്തരവ്. ബന്ധപ്പെട്ട സര്‍വകലാശാലകളുടെ അനുമതിക്ക് ശേഷം കോഴ്സ് ആരംഭിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

മറ്റ് കോളജുകളില്‍ ആ വര്‍ഷംതന്നെ കോഴ്സ് തുടങ്ങിയെങ്കിലും അറബിക് കോളജുകള്‍ക്ക് അതിന് സാധിച്ചില്ല. അഫ്ദലുല്‍ ഉലമ, പോസ്റ്റ് അഫ്ദലുല്‍ ഉലമ എന്നീ കോഴ്സുകള്‍ മാത്രം നടത്തുന്ന അറബിക് കോളജുകളില്‍ ഇത്തരം കോഴ്സുകള്‍ തുടങ്ങുന്നതിന് സര്‍വകലാശാലാ ചട്ടം ഭേദഗതി ചെയ്യണമെന്നതാണ് ഇതിനു കാരണം. കോഴ്സ് അനുവദിച്ച് രണ്ടുവര്‍ഷം വരെ കഴിഞ്ഞാണ് അറബിക് കോളജുകളില്‍ ഈ കോഴ്സുകള്‍ തുടങ്ങാന്‍ കഴിഞ്ഞത്. ഇതിനായി ഇരു സര്‍വകലാശാലകളും സെനറ്റ് ചേര്‍ന്ന് ചട്ടഭേദഗതി പ്രമേയം അംഗീകരിച്ചു. ചാന്‍സലറുടെ അനുമതി കൂടി ലഭിച്ചാലേ ചട്ടഭേദഗതി പ്രാബല്യത്തില്‍ വരുകയുള്ളൂ. ചട്ടഭേദഗതി അംഗീകരിക്കാതെ എങ്ങനെ കോഴ്സുകള്‍ തുടങ്ങിയെന്നാണ് ഒന്നര വര്‍ഷത്തിനുശേഷവും ഗവര്‍ണര്‍ സര്‍വകലാശാലയോട് ചോദിച്ചിരിക്കുന്നത്.

ഓറിയന്‍റല്‍ ടൈറ്റില്‍ കോളജസ് എന്നത് ഓറിയന്‍റല്‍ ലാന്‍ഗ്വേജസ് കോളജസ് എന്നാണ് സെനറ്റ് അംഗീകരിച്ച ചട്ടഭേദഗതി. ഒരു കോളജിന്‍െറ പേരും മാറ്റിയിട്ടുണ്ട്. ഇതെല്ലാം ചട്ടവിരുദ്ധമാണെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.