മയക്കുമരുന്ന് കടത്തിന്‍െറ ‘ഗേറ്റ് വേ’ ആയി കൊച്ചി

കൊച്ചി: ഉത്തരേന്ത്യയില്‍നിന്ന് കൊച്ചി വഴി കടന്നുപോകുന്ന ട്രെയിനുകളിലും വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി ലോറിയിലും ട്രക്കിലും കയറിയത്തെുന്ന കഞ്ചാവ്, അന്തര്‍സംസ്ഥാന ബസുകളില്‍ എത്തുന്ന മയക്കുമരുന്ന്, കൊച്ചിയില്‍നിന്ന് വിമാനത്തില്‍ ഗള്‍ഫിലേക്കും കപ്പലിലേറി ലക്ഷദ്വീപിലേക്കും കാറിലും ബസിലുമൊക്കെയായി ഇതര ജില്ലകളിലേക്കും നീങ്ങുന്ന കഞ്ചാവ്.
കേരളത്തിലേക്ക് ജോലി തേടിയത്തെുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ ഇങ്ങനെ നീളുന്നു മയക്കുമരുന്ന് വാഹകര്‍. മയക്കുമരുന്നിന്‍െറ കാര്യത്തില്‍ കൊച്ചി രാജ്യത്തെ ‘ഗേറ്റ് വേ’യും മുഖ്യവിപണിയുമായി മാറുകയാണ്.
എറണാകുളം നഗരപരിധിയില്‍ മാത്രം ദിനേന ശരാശരി രണ്ടുവീതം മയക്കുമരുന്ന് കേസുകളെങ്കിലും പിടികൂടുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. 2014ല്‍ 644 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015ല്‍ ഇത് 782 ആയി. കഴിഞ്ഞ മേയ് വരെ മുന്നൂറില്‍പരം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 80 ശതമാനവും മയക്കുമരുന്ന് ഉപയോഗവും വില്‍പനയുമായി ബന്ധപ്പെട്ട നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സ് (എന്‍.ഡി.പി.എസ്) ആക്ട് അനുസരിച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൊലീസിനെ കൂടാതെ എക്സൈസും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷം 60 കേസുകളും 2014-15 വര്‍ഷം 120 കേസുകളും 2015-16 വര്‍ഷം 270 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തില്‍ കഞ്ചാവ് കൃഷിക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്തിയതോടെ ഇവിടെ നിന്ന് കഞ്ചാവുകൃഷി ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടിരുന്നു. ഉത്തരേന്ത്യയില്‍നിന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ വഴി കൊച്ചിയിലും സമീപ ജില്ലകളിലും എത്തിക്കുന്ന കഞ്ചാവ് ഇവിടെയുള്ള ഇടനിലക്കാര്‍ വഴി സംസ്ഥാനത്തുടനീളം വിതരണം ചെയ്യുകയാണ്. കഞ്ചാവ് മാത്രമല്ല, എല്‍.എസ്.ഡി, കൊക്കെയ്ന്‍ തുടങ്ങിയ ലഹരിമരുന്നുകളും ഇങ്ങനെ എത്തുന്നുണ്ട്. കഞ്ചാവ്, ഹഷീഷ് എന്നിവയുടെ ഉപയോഗവും വില്‍പനയും ഇതര സംസ്ഥാന തൊഴിലാളികളുടെയിടയിലും വന്‍തോതില്‍ വര്‍ധിച്ചതായും കണ്ടത്തെിയിട്ടുണ്ട്.
പുതുതലമുറ കഞ്ചാവ് ഉപയോഗത്തിനും വില്‍പനക്കുമായി വാട്സ്ആപ് ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് പിടികൂടിയ ഇത്തരമൊരു ഗ്രൂപ്പിന്‍െറ വാട്സ്ആപ് സന്ദേശങ്ങളില്‍ ‘കഞ്ചാവ് വരും; എല്ലാം ശരിയാകും’, ‘വളരണം ഈ ചെടി; തുടരണം ഈ അടി’, ‘വഴിമുട്ടിയവര്‍ക്ക് വഴി കാട്ടാന്‍ കഞ്ചാവ്’ തുടങ്ങിയ സന്ദേശങ്ങളും കണ്ടത്തെിയിരുന്നെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. നെടുമ്പാശ്ശേരിയില്‍നിന്ന് സ്റ്റാമ്പ് രൂപത്തിലാക്കിയ എല്‍.എസ്.ഡി കടത്തിയ കേസില്‍ മലയാളി യുവാക്കള്‍ അബൂദബിയില്‍ പിടിയിലായിരുന്നു. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന യാത്രാകപ്പലുകള്‍ വഴിയും കഞ്ചാവ് കടത്തുന്നതായി കണ്ടത്തെിയിരുന്നു. ആന്ധ്രയില്‍നിന്നും മറ്റും കിലോ 6000-7000 രൂപക്ക് വാങ്ങുന്ന വീര്യംകുറഞ്ഞ കഞ്ചാവ് ലക്ഷദ്വീപിലത്തെിച്ച് ചില്ലറവില്‍പനയിലൂടെ ഒരുലക്ഷം രൂപവരെ സമ്പാദിക്കുന്നവരുണ്ടെന്നും കണ്ടത്തെിയിരുന്നു.
ലക്ഷദ്വീപില്‍നിന്ന് വരുന്നവര്‍ താമസിക്കുന്ന കേന്ദ്രങ്ങളിലത്തെിയാണ് കഞ്ചാവ് കൈമാറുന്നതെന്ന വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇത്തരം കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിറ്റഴിക്കുന്ന ന്യൂഡല്‍ഹിയിലെ മെഡിക്കല്‍ ഷോപ്പുടമയെ പൊലീസ് അറസ്റ്റുചെയ്തതും ഈയിടെയാണ്.
ഉത്തരേന്ത്യയില്‍നിന്ന് ചരക്കുമായി വരുന്ന ട്രക്ക് ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തിയും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് കിലോക്ക് 5000 രൂപ നിരക്കില്‍ വാങ്ങി കേരളത്തിലത്തെിച്ച് 20,000രൂപക്കുവരെ വില്‍പന നടത്തുന്ന സംഘങ്ങളാണ് ഇതിനുപിന്നില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.