നെടുമ്പാശ്ശേരിയിൽ എ.ടി.എം കൗണ്ടർ സ്ഫോടകവസ്തുവെച്ച് തകര്‍ത്തു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം/സി.ഡി.എം കൗണ്ടർ സ്ഫോടകവസ്തു ഉപയോഗിച്ചു അക്രമികൾ തകര്‍ത്തു. ഞായറാഴ്ച പുലർച്ചെ 2.32ഒാടെയായിരുന്നു സംഭവം. മൂന്ന് മാസം മുമ്പ് പ്രവർത്തനം ആരംഭിച്ച എസ്.ബി.ഐയുടെ ദേശം ബ്രാഞ്ചിലാണ് സ്ഫോടനം നടന്നത്.

അങ്കമാലി ഭാഗത്തു നിന്ന് ബൈക്കിൽ വന്ന രണ്ടംഗ സംഘം 2.31നാണ് കൗണ്ടറിന് പുറത്ത് സ്ഫോടകവസ്തു സ്ഥാപിച്ചതെന്ന് സി.സി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഉടൻ തന്നെ ഹെൽമറ്റ് ധരിച്ചെത്തിയ അക്രമികൾ ഒാടി മാറുകയും സ്ഫോടനം നടക്കുകയുമായിരുന്നു. കൗണ്ടറിന്‍റെ ഗ്ലാസും മേൽത്തട്ടും തകർന്നെങ്കിലും പണം സൂക്ഷിച്ചിരുന്ന ക്യാഷ് ബോർഡ് സുരക്ഷിതമാണ്.

വീണ്ടും സ്ഫോടനം നടത്താനുള്ള അക്രമികളുടെ ശ്രമം പൊലീസിന്‍റെ സ്പൈഡർ നൈറ്റ് പെട്രോളിങ് വിഭാഗം എത്തിയതോടെ നടന്നില്ല. തുടർന്ന് ബൈക്കിൽ ആലുവ ഭാഗത്തേക്ക് അക്രമികൾ കടന്നുകളഞ്ഞു.

സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധർ എ.ടി.എം കൗണ്ടർ പരിശോധിക്കുമെന്ന് നെടുമ്പാശേരി എസ്.ഐ കെ.ടി.എം കബീർ മാധ്യമങ്ങളെ അറിയിച്ചു. പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡി.ജി.പി ലോക്നാഥ് ബെഹ്റ സംഭവസ്ഥലം സന്ദർശിച്ചു. പ്രൊഫഷനൽ സംഘമാണ് കവർച്ചാ ശ്രമത്തിന് പിന്നില്ലെന്ന് ആലുവ പൊലീസ് അറി‍യിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.