പുറ്റിങ്ങല്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററായി തന്ത്രിയെ ഹൈകോടതി നിയമിച്ചു

കൊച്ചി: വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററായി തന്ത്രിയെ ഹൈകോടതി താല്‍ക്കാലികമായി നിയമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലവിലെ ഭാരവാഹികള്‍ ജയിലിലാവുകയും ഇവരുടെ കാലാവധി പൂര്‍ത്തിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
അതേസമയം, ദുരന്തം സംബന്ധിച്ച അന്വേഷണത്തിന്‍െറ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് സര്‍ക്കാര്‍ കൈമാറി. കുറ്റപത്രം യഥാസമയം സമര്‍പ്പിക്കുമെന്നും ഇതോടൊപ്പം നല്‍കിയ വിശദീകരണ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നിട്ട് 70 ദിവസമായി. 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്. അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അന്വേഷണസംഘത്തിന്‍െറ നടപടികള്‍ നിശ്ചിത ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതിനിടെ, അപകടത്തില്‍ മരിച്ച, കൊല്ലം ജില്ലക്കു പുറത്തുനിന്നുള്ളവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതിന്‍െറ വിശദാംശങ്ങള്‍ കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 35 പേരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. മരിച്ച ഇടുക്കി സ്വദേശിയുടെ പേരില്‍ 10ലക്ഷവും പത്തനംതിട്ട സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ആറ് ലക്ഷവും നല്‍കി. കണ്ണൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വെടിക്കെട്ട് നിരോധം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച ഹരജികളും പ്രതികളുടെ ജാമ്യാപേക്ഷകളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.