എൻജിനീയറിങ് പ്രവേശ പരീക്ഷാഫലം പ്രഖ്യാപിച്ചു; റാം ഗണേശിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശ പരീക്ഷയുടെ റാങ്ക്പട്ടിക പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേശിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിന് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിൻ എസ്. നായർക്ക് മൂന്നാം റാങ്കും ലഭിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിൽ ഷിബൂസ് പി. മലപ്പുറം ഒന്നാം റാങ്ക് നേടി. ആർക്കിടെക്ചർ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി നമിത നികേഷ് ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശിയായ നിഷാന്ത് കൃഷ്ണക്കാണ്.

46445 എൻജിനിയറിങ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ സർക്കാർ മെറിറ്റ് ക്വാട്ടയിലുള്ളത് 23,222 ആണ്. സർക്കാർ, എയ്ഡഡ് കോളജുകളിലായി മെറിറ്റിൽ 5232 സീറ്റുകളുണ്ട്. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ 7119 സീറ്റുകളുണ്ട്. ആർക്കിടെക്ചർ വിഭാഗത്തിൽ 200 സീറ്റുകളാണ് സർക്കാർ മേഖലയിലുള്ളത്. സ്വാശ്രയ മേഖലയിൽ 1040 സീറ്റുകളും. അഞ്ച് എൻജിനിയറിങ് കോളജുകളുടെ അംഗീകാരം സാങ്കേതിക സർവകലാശാല തടഞ്ഞുവച്ചതിനാൽ ഈ കോളജുകളിലേക്ക് ഇത്തവണ അലോട്ട്മെന്‍റ് ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Full View

അടുത്ത വർഷം മുതൽ ഹയർ സെക്കന്‍ററി സ്കൂളുകളിൽ നിന്ന് തന്നെ എൻജിനിയറിങിന് അപേക്ഷ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 102649 വിദ്യാർഥികളാണ് എൻജിനീയറിങ് പ്രവേശപരീക്ഷ എഴുതിയത്. ഇതിൽ 78649 വിദ്യാർഥികൾ യോഗ്യത നേടി. 55914 വിദ്യാർഥികളാണ് പ്ളസ് ടുവിന്‍റെ മാർക്ക് ലിസ്റ്റ് സമർപ്പിച്ചത്.

രാവിലെ 11 മണിയോടെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ് പ്രവേശപരീക്ഷയുടെ സ്കോർ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത നേടിയ 78, 000 വിദ്യാർഥികളോട് യോഗ്യതാപരീക്ഷയിലെ (പ്ലസ് ടു/ തത്തുല്യപരീക്ഷകൾ) മാർക്കുകൾ പ്രവേശപരീക്ഷാകമീഷണർക്ക് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. യോഗ്യതാപരീക്ഷയിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നിവയിൽ നേടിയ മാർക്ക് കൂടി പരിഗണിച്ച് സമീകരണപ്രക്രിയക്ക് ശേഷം തയാറാക്കിയ റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഫലം  www.cee.kerala.gov.in ൽ ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.