സകാത്ത്: സമ്പത്തിന്‍െറ ശുദ്ധീകരണം

നിശ്ചിത പരിധിയില്‍ കൂടുതല്‍ സമ്പത്ത് കൈവശമുള്ളവര്‍ക്ക് അല്ലാഹു ചുമത്തിയ നിര്‍ബന്ധ ദാനമാണ് സകാത്ത്. സകാത്തിന്‍െറ പ്രാധാന്യം പരിശുദ്ധ ഖുര്‍ആനില്‍ പലസ്ഥലങ്ങളിലും എടുത്തുപറഞ്ഞിട്ടുണ്ട്. നമസ്കാരത്തോട് ചേര്‍ന്നുതന്നെ ഏതാണ്ട് 27 ഇടങ്ങളില്‍ സകാത്ത് സംബന്ധിച്ച് പരാമര്‍ശിക്കുന്നുണ്ട്. നമസ്കാരത്തിനൊപ്പമോ അതിലേക്കാളപ്പുറമായോ പ്രാധാന്യപൂര്‍വം എടുത്തുപറഞ്ഞ കാര്യമാണ് സകാത്ത്. എന്നാല്‍ പലപ്പോഴും നമസ്കാരത്തിന് നല്‍കുന്ന പ്രാധാന്യം മുസ്ലിം സമുദായം സകാത്തിന് നല്‍കിയിട്ടില്ല. നമസ്കാരത്തിന് നല്‍കുന്ന പ്രാധാന്യം സകാത്തിന് കൊടുത്തിരുന്നുവെങ്കില്‍ ഇത്രയധികം ദരിദ്രരോ, ഇത്രയധികം ആവശ്യക്കാരോ മുസ്ലിം സമുദായത്തില്‍ ഉണ്ടാവുമായിരുന്നില്ല.

റമദാനുമായി ബന്ധപ്പെട്ട് സകാത്തിന് പ്രത്യേക പ്രാധാന്യമൊന്നുമില്ല. സാധാരണ ആളുകള്‍ റമദാനില്‍ കൊടുക്കുന്നുവെന്ന് മാത്രം. വര്‍ഷത്തില്‍ കണക്കുനോക്കുന്നതിന് വേണ്ടി റമദാനിനെ മാനദണ്ഡമാക്കുന്നതില്‍ തെറ്റൊന്നും പറയാനാവില്ല. എന്നാല്‍, സകാത്ത് കൊടുക്കാന്‍ റമദാന്‍ വരെ കാത്തിരിക്കേണ്ടതില്ളെന്നതാണ് വാസ്തവം. പരിധിയത്തെിക്കഴിഞ്ഞാല്‍ സകാത്ത് കൊടുക്കുകയെന്നതാണ് ഏറ്റവും നല്ല രീതി. എങ്കിലും കണക്കുകള്‍ തിട്ടപ്പെടുത്താന്‍ ഒരാള്‍ റമദാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതില്‍ തെറ്റില്ല. മാത്രമല്ല കൂടുതല്‍ പ്രതിഫലം ആഗ്രഹിച്ച് റമദാനിലേക്ക് വെക്കുകയെന്ന ഉദ്ദേശ്യവും നല്ലത് തന്നെയാണ്.

വളര്‍ച്ച, ശുദ്ധീകരണം, പരിശുദ്ധി എന്നിവയൊക്കെയാണ് സകാത്ത് എന്ന വാക്കിന്‍െറ അര്‍ഥം. അല്ലാഹു നമുക്ക് നല്‍കിയതാണ് സമ്പത്ത്. ഏതെങ്കിലും കഴിവിന്‍െറ അടിസ്ഥാനത്തിലാണ് അത് കിട്ടിയിരുന്നതെങ്കില്‍ നമ്മുടെ കൂട്ടത്തില്‍ നല്ല കഴിവുള്ളവര്‍ നല്ല പണക്കാരാകേണ്ടിയിരുന്നു. സക്കാത്ത് എന്നത് നമ്മുടെ സമ്പത്തിനെ ശുദ്ധീകരിക്കാനായി അല്ലാഹു ഏര്‍പ്പെടുത്തിയ സംവിധാനമാണ്. നമസ്കാരം എങ്ങനെ നമ്മുടെ മനസിനെയും ജീവിതത്തെയും ശുദ്ധീകരിക്കുന്നുവോ അതുപോലെയാണ് സമ്പത്തിന് സകാത്ത്.

വളരെ ലളിതമായി പറഞ്ഞാല്‍, നമ്മുടെ കൈവശം സകാത്ത് കൊടുക്കേണ്ട 100 രൂപ സമ്പത്ത് ഉണ്ടെങ്കില്‍ അതില്‍ 97.50 രൂപ ശുദ്ധിയായി ഉപയോഗിക്കണമെങ്കില്‍ 2.50 രൂപ നമ്മള്‍ സകാത്ത് കൊടുക്കണം. അല്ലാത്ത പക്ഷം ആ നൂറൂം മലിനമായ സമ്പത്തില്‍ പെട്ടുപോകും. സകാത്ത് ഒരിക്കലും നമ്മുടെ സമ്പത്ത് കുറക്കുകയില്ല. ഈ വര്‍ഷം സകാത്ത് കൊടുക്കുന്ന ഒരാള്‍, അടുത്ത വര്‍ഷവും കണക്കുകൂട്ടുമ്പോള്‍ സമ്പത്തില്‍ വര്‍ധനവുണ്ടായിരിക്കും. സകാത്ത് കൊടുക്കുന്ന സമ്പത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കും. സകാത്ത് പലിശയുടെ നേരെ എതിരാണ്. പലിശ ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനമാണെങ്കില്‍ സകാത്ത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനമാണ്.

പലിശ മുഖേന തന്നെ ഒരു സമൂഹത്തിന്‍െറ എല്ലാ അര്‍ഥത്തിലുമുള്ള അധ:പതനവും ഉണ്ടാവുന്നു. എന്നാല്‍, സകാത്ത് മൊത്തം സമൂഹത്തിന്‍െറ ഉന്നമനത്തിനിടയാക്കുന്നു. വളരെ വ്യവസ്ഥാപിതമായി സകാത്ത് സ്ഥാപിക്കപ്പെട്ടാല്‍ സമൂഹത്തിലെ എല്ലാ അര്‍ഥത്തിലുമുള്ള ദാരിദ്ര്യത്തിനും പരിഹാരം കണ്ടത്തൊന്‍ സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.