ഓണ്‍ലൈന്‍ തകരാര്‍: ആധാരം രജിസ്ട്രേഷന്‍ മുടക്കം പതിവാകുന്നു

കോഴിക്കോട്: രജിസ്ട്രേഷന്‍ നടപടികള്‍ സുതാര്യമാക്കാനും കൂടുതല്‍ എളുപ്പമാക്കാനുമായി നടപ്പാക്കിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുടങ്ങുന്നത് പതിവാകുന്നു. വ്യാഴാഴ്ചയും സെര്‍വര്‍ തകരാര്‍മൂലം പല ജില്ലകളിലും രജിസ്ട്രേഷന്‍ മുടങ്ങി. പണമിടപാട് നടത്തിയശേഷം ഇന്നുതന്നെ രജിസ്ട്രേഷന്‍ നടത്താനിരുന്നവരാണ് ഇതോടെ വെട്ടിലായത്. മാസങ്ങള്‍ക്കുമുമ്പ് നടപ്പാക്കിയ ഓണ്‍ലൈന്‍ പരിഷ്കാരം ആധാരമെഴുത്തുകാര്‍ക്കും ബുദ്ധിമുട്ടായി മാറുകയാണ്. തിരുവനന്തപുരത്തെ രജിസ്ട്രേഷന്‍ വകുപ്പ് വെബ്സൈറ്റിന്‍െറ സെര്‍വര്‍ ഡൗണ്‍ ആകുന്നതാണ് പല ദിവസങ്ങളിലും രജിസ്ട്രേഷന്‍ മുടങ്ങുന്നതിന് കാരണമാകുന്നത്.

ഓരോ ദിവസവും രജിസ്ട്രേഷനായി എത്തുന്നവരെ സെര്‍വര്‍ തകരാറിന്‍െറ പേരില്‍ തിരിച്ചയക്കേണ്ട സാഹചര്യമാണിപ്പോഴുള്ളത്. സ്ഥലമിടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ആധാരത്തിന്‍െറയും യഥാര്‍ഥ പകര്‍പ്പിന്‍െറയും ഇടപാടുകാരുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ രജിസ്ട്രേഷന്‍ വകുപ്പിന്‍െറ വെബ്സൈറ്റിലൂടെ പൂരിപ്പിച്ച് നല്‍കണം. തുടര്‍ന്ന് രജിസ്ട്രേഷന് ചെലവാക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി എത്രയാണെന്നും മറ്റു വ്യക്തമാക്കുന്ന പ്രിന്‍റൗട്ട് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ടോക്കണ്‍  കൈവശമുണ്ടെങ്കില്‍ മാത്രമേ രജിസ്ട്രാര്‍ ഓഫിസിലത്തെി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനാകൂ. മുമ്പ് യഥാര്‍ഥ രേഖകളുമായി നേരിട്ടത്തെി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമായിരുന്നു.  കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ സെര്‍വര്‍ തകരാര്‍മൂലം രജിസ്ട്രേഷന്‍ നടത്താനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.