ഹരിപ്പാട് മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിച്ച പൊതുമരാമത്ത് വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. പ്രധാന വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിയാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ളെന്നും മന്ത്രി ജി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിരുന്നെങ്കിലും കൂടുതലൊന്നും വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മുന്‍ സര്‍ക്കാറും കോളജിന് മുന്‍കൈയെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാടാണ് അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. ഇതില്‍ സര്‍ക്കാറിന് സംശയം ഉണ്ട്. ഹൈകോടതിയില്‍ കേസുള്ളതിനാല്‍ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കില്ല. കോടതിവിധി വന്നശേഷം സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കും.

കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ല. കാര്യമറിയാതെയാണ് രമേശ് ചെന്നിത്തല സംസാരിക്കുന്നത്. പ്രശ്നത്തില്‍ ഇടപെട്ട് രമേശ് ചെന്നിത്തല ആക്ഷേപം വിളിച്ചുവരുത്തുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായത് ചെയ്തോളാം. ചെന്നിത്തല സഹകരിച്ചാല്‍ മതിയെന്നും സുധാകരന്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ടെന്‍ഡര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും 4.61 കോടി രൂപ സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും കാണിച്ച് ടെന്‍ഡറില്‍നിന്ന് പുറന്തള്ളപ്പെട്ട ആന്‍സണ്‍സ് ഗ്രൂപ്പാണ് പൊതുമരാമത്തിന് പരാതി നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.